ഇന്ത്യൻ ലോകകപ്പ് കളിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം, തുറന്നടിച്ച് പരിശീലകൻ സ്റ്റിമാച്ച്

ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായതിനു ശേഷം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിനു കീഴിൽ മികച്ച പ്രകടനമാണ് ടീം നടത്തുന്നത്. ഈ വർഷത്തിൽ കളിച്ച മൂന്നു ടൂർണമെന്റുകളിലും കിരീടം നേടാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ കരുത്തരായ കുവൈറ്റിലെ തോൽപ്പിച്ചു നേടിയ സാഫ് കപ്പും ഉൾപ്പെടുന്നു.

എന്നാൽ ഇന്ത്യൻ ഫുട്ബോൾ ഇനിയും മാറേണ്ടതുണ്ടെന്നും അതിനായി നിരവധി കാര്യങ്ങളിൽ മാറ്റം വരേണ്ടതുണ്ടെന്നുമാണ് ഇഗോർ സ്റ്റിമാച്ച് പറയുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചില മോശം സ്വഭാവം ഇന്ത്യൻ താരങ്ങൾക്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഗോളിലേക്ക് ഷോട്ടുതിർക്കേണ്ട സമയത്ത് വരെ പാസ് നൽകാൻ ശ്രമിക്കുന്നത് അതിന്റെ തെളിവാണെന്നും വളരെ പെട്ടന്ന് തന്നെ ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യൻ സൂപ്പർലീഗ് ചുരുങ്ങിയത് പതിനാറു ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റായി നടത്തണമെന്നാണ് സ്റ്റിമാച്ച് മുന്നോട്ടു വെക്കുന്ന പ്രധാനപ്പെട്ട ആവശ്യം. അതിനൊപ്പം ഫുട്ബോൾ സീസണിന്റെ ദൈർഘ്യം വർധിപ്പിച്ച് എട്ടു മാസമായി നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടു പ്രധാനപ്പെട്ട ലീഗുകൾ നടത്തണമെന്നും ഇന്ത്യൻ കളിക്കാർക്ക് ക്ലബിൽ പരിഗണന ഉറപ്പു വരുത്തണമെന്നും അദ്ദേഹം മുന്നോട്ടു വെക്കുന്ന നിർദ്ദേശങ്ങളാണ്.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മനോഗതി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 120 മിനുട്ടും ഒരേ തീവ്രതയോടെ കളിക്കാൻ ഇന്ത്യൻ ടീമിന് കഴിയുന്നത് നല്ലൊരു അടയാളമാണെന്നും ഇപ്പോഴത്തെ മുന്നോട്ടു പൊക്കിൽ ഒരു ചുവടു പിഴച്ചാൽ എതിരാളികളുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യ ഇവിടെ മാത്രം കളിക്കാതെ മറ്റു രാജ്യങ്ങളിൽ പോയി മത്സരങ്ങൾ കളിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

You Might Also Like