ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയാൻ തയ്യാറാണ്, കരാർ ബാക്കിയുള്ളത് കണക്കാക്കില്ലെന്ന് സ്റ്റിമാച്ച്

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനമൊഴിയാൻ തനിക്ക് മടിയില്ലെന്നും അതിനു തയ്യാറാണെന്നും അറിയിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. ലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ നേരിടാൻ തയ്യാറെടുത്തു കൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സ്റ്റിമാച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. നാളെയാണ് ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള മത്സരം.

നിലവിലെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയും. ടീമിനെ മൂന്നാം റൗണ്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ഇഗോർ സ്റ്റിമാച്ച് പറയുന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ പരിശീലകസ്ഥാനം രാജി വെക്കാൻ തയ്യാറാണെന്നും കരാർ ബാക്കിയുള്ളത് അതിനു തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ കരാറിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യമേയില്ല. ഇന്ത്യയെ മൂന്നാം റൗണ്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ രാജിവെച്ചു പുറത്തു പോകും. കഴിഞ്ഞ അഞ്ചു വർഷം ഇവിടെ ചെയ്‌ത കാര്യങ്ങൾ ആലോചിച്ച് അഭിമാനത്തോടെ തന്നെ. പക്ഷെ യോഗ്യത നേടുകയാണെങ്കിൽ ചെയ്യുവാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്.” ഇഗോർ സ്റ്റിമാച്ച് പറഞ്ഞു.

നിലവിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇനി മൂന്നു മത്സരങ്ങളാണ് ബാക്കിയുള്ളത്. അതിൽ കുവൈറ്റിനെതിരെയുള്ളതടക്കം രണ്ടു മത്സരമെങ്കിലും വിജയിക്കാൻ കഴിഞ്ഞാൽ ടീമിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാനാകും. ഇതിൽ രണ്ടു മത്സരങ്ങൾ സ്വന്തം മൈതാനത്തു വെച്ചാണെന്നതാണ് ഇന്ത്യക്ക് അനുകൂലമായ ഘടകം.

You Might Also Like