വുകോമനോവിച്ച് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് സ്റ്റിമാച്ച്, ഇതൊന്നും ചെയ്യാതെ ഇന്ത്യൻ ഫുട്ബോൾ വളരില്ല

ഏഷ്യൻ കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീം ദയനീയമായ പ്രകടനം നടത്തി പുറത്തായതിന് പിന്നാലെ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലുള്ള പോരായ്‌മയെ വിമർശിച്ച് പരിശീലകൻ സ്റ്റിമാച്ച്. ഏഷ്യൻ കപ്പിലെ എല്ലാ മത്സരത്തിലും തോൽവി വഴങ്ങിയ ഇന്ത്യൻ ടീം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. ഒരു ഗോൾ പോലും നേടാൻ കഴിയാതെയാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്തു പോയത്.

കഴിഞ്ഞ ദിവസം ഏഷ്യൻ കപ്പിലെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ഇഗോർ സ്റ്റിമാച്ച് ഇതുവരെ ഇന്ത്യയുടെ അണ്ടർ 18, അണ്ടർ 20, അണ്ടർ 23 ടീമുകൾ ഏഷ്യൻ കപ്പിന് യോഗ്യത നേടിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. ആ കാറ്റഗറിയിലുള്ള ടീമുകൾ പോലും യോഗ്യത നേടാതെ സീനിയർ ടീം യോഗ്യത നേടിയത് നേട്ടമാണെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നതാണ് അദ്ദേഹം ഇതിലൂടെ ചൂണ്ടിക്കാട്ടിയത്. യുവതാരങ്ങളെ മികച്ച രീതിയിൽ വളർത്തുന്നത് സീനിയർ ടീമിന്റെ വളർച്ചക്കും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുപോലെ ഭൂരിഭാഗം ടീമുകളെയും അപേക്ഷിച്ച് ഇന്ത്യക്ക് തയ്യാറെടുപ്പിനു കുറഞ്ഞ സമയമേ ലഭിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഫുട്ബോളിൽ യുവതാരങ്ങളെ വളർത്താൻ വേണ്ടത്ര പ്രവർത്തനങ്ങൾ ഇല്ലാത്തതിനെ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും ചൂണ്ടിക്കാട്ടിയിരുന്നു. ക്ലബുകളും മറ്റും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്നും ഇല്ലെങ്കിൽ അത് ഇന്ത്യൻ ഫുട്ബോളും ഇന്ത്യൻ സൂപ്പർ ലീഗും വളരെ മോശം അവസ്ഥയിലേക്ക് പോകാൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

You Might Also Like