എന്നെ തന്നെ വിശ്വസിക്കുകയായിരുന്നു ഞാന്‍, മാതൃകയാക്കിയത് ധോണിയേയും കോഹ്ലിയേയും, ബട്‌ലര്‍ പറയുന്നു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് അവിശ്വസനീയ ജയം സമ്മാനിച്ച് ഹിറോ ആയി മാറിയിരിക്കുകയാണല്ലോ ഇംഗ്ലീഷ് താരം ജോസ് ബടലര്‍. രാജസ്ഥാന്‍ തോറ്റെന്ന് ഉറപ്പിച്ച മത്സരത്തില്‍ പുറത്താകാതെ സെഞ്ച്വറി നേടി രണ്ട് വിക്കറ്റിന്റെ ജയമാണ് ടീമിന് ജോസ് ബട്‌ലര്‍ സമ്മാനിച്ചത്. മത്സരത്തില്‍ തന്നെ തന്നെ വിശ്വസിക്കുന്ന എന്ന കാര്യമാണ് താന്‍ ചെയ്തതെന്നും അതില്‍ താന്‍ വിജയിച്ചുവെന്നും ബട്‌ലര്‍ പറയുന്നു. മത്സര ശേഷം സംസാരിക്കുകയായിരുന്നു ജോസ് ബട്‌ലര്‍.

‘സ്വയം വിശ്വസിക്കുക എന്ന കാര്യമാണ് ഇന്നെനിക്ക് പ്രധാനമായി മാറിയത്. ആദ്യ സമയങ്ങളില്‍ ഞാന്‍ താളം കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. ചില സമയങ്ങളില്‍ ദേഷ്യം വരികയുണ്ടായി. എനിക്ക് എന്നെ തന്നെ ചോദ്യം ചെയ്യാന്‍ പോലും തോന്നി. പക്ഷേ ഇതെല്ലാം നിയന്ത്രിക്കാനാണ് ഞാന്‍ ശ്രമിച്ചത്. മുന്‍പോട്ടു പോവുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ നമ്മുടെ താളത്തിലേക്ക് തിരിച്ചെത്താന്‍ നമുക്ക് സാധിക്കുമെന്നും ഞാന്‍ കരുതി’ ബട്‌ലര്‍ പറയുന്നു.

‘ഇതുപോലെ വ്യത്യസ്തമായ കാര്യങ്ങള്‍ ഐപിഎല്ലിലുടനീളം പലതവണ നമ്മള്‍ കണ്ടിട്ടുണ്ട്. ധോണിയെയും കോഹ്ലിയെയും പോലെയുള്ള വമ്പന്‍ താരങ്ങള്‍ മത്സരത്തിന്റെ അവസാനം വരെ ക്രീസില്‍ തുടരുന്നതും സ്വയം വിശ്വാസം അര്‍പ്പിക്കുന്നതും നമ്മള്‍ കാണുന്നതാണ്. അതുതന്നെയാണ് ഇന്ന് ഞാനും ചെയ്യാന്‍ ശ്രമിച്ചത്’ ബട്‌ലര്‍ പറഞ്ഞു.

‘സംഗക്കാര എന്നോട് എല്ലായിപ്പോഴും പറയുന്ന കാര്യവും അതുതന്നെയാണ്. അതാണ് ഇന്നും മത്സരത്തില്‍ കണ്ടത്. മത്സരത്തില്‍ പോരാട്ടത്തിന് മുതിരാതെ കീഴടങ്ങുക എന്നതാണ് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം കാര്യം. അത്തരത്തില്‍ വിക്കറ്റ് വലിച്ചെറിയുന്നതിനോട് എനിക്ക് യോജിപ്പില്ല’ ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ രണ്ട് വിക്കറ്റന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. മത്സരം അവസാനിക്കുമ്പോള്‍ 60 പന്തില്‍ 107 റണ്‍സ് എടുത്ത് ബട്‌ലര്‍ പുറത്താകാതെ നിന്നു

 

You Might Also Like