മെസിയും ഇന്റർ മിയാമിയും ചതിച്ചു, കട്ടൗട്ടിലെ തല അടിച്ചു തകർത്ത് ആരാധകരുടെ പ്രതിഷേധം

പുതിയ സീസണിന് മുന്നോടിയായി പ്രീ സീസൺ മത്സരങ്ങൾ കളിക്കുന്ന ഇന്റർ മിയാമി ഇന്നലെയാണ് ആദ്യത്തെ വിജയം സ്വന്തമാക്കുന്നത്. ഇതുവരെ ആറു മത്സരങ്ങൾ കളിച്ച ഇന്റർ മിയാമി ഇന്നലെ നടന്ന മത്സരത്തിൽ ഹോങ്കോങ്‌ ടീമിനെതിരെയാണ് വിജയം നേടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്റർ മിയാമി ചൈനയിൽ വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. മത്സരത്തിനായി എത്തിയ നാല്പത്തിനായിരത്തോളം വരുന്ന കാണികളെ തീർത്തും നിരാശരാക്കുന്ന തീരുമാനമായിരുന്നു അത്. അതിന്റെ പ്രതിഷേധം അവർ കാണിക്കുകയും ചെയ്‌തു. ലയണൽ മെസിക്ക് പുറമെ ഇന്റർ മിയാമി ടീമിലെ മറ്റൊരു പ്രധാന താരമായ ലൂയിസ് സുവാരസും മത്സരത്തിൽ കളിക്കാനിറങ്ങിയിരുന്നില്ല.

മത്സരത്തിനിടയിൽ ആരാധകർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ലയണൽ മെസിയെ കാണാൻ വേണ്ടി വമ്പൻ തുക മുടക്കി ടിക്കറ്റെടുത്ത് അതു നടക്കാതെ വന്ന ആരാധകർ ഇന്റർ മിയാമി ടീമിലെ താരങ്ങളെ കൂക്കി വിളിച്ചു. അതിനു പുറമെ തങ്ങളുടെ പണം തിരികെ നൽകണമെന്ന ആവശ്യവും അവർ ഉയർത്തി. സംഭവത്തിൽ ഹോങ്കോങ് ഗവണ്മെന്റും ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

രോഷത്തിൽ ഒരു ആരാധകൻ ലയണൽ മെസിയുടെ കട്ടൗട്ടിലെ തല ചവുട്ടിത്തെറിപ്പിക്കുന്ന വീഡിയോ വൈറലായി മാറിയിട്ടുണ്ട്. തങ്ങളുടെ രോഷം അതിലൂടെ അവർ വ്യക്തമാക്കുന്നു. നേരത്തെ റിയാദിൽ മെസി സമാനമായ സാഹചര്യത്തിൽ പത്ത് മിനുട്ട് കളിക്കളത്തിൽ ഇറങ്ങിയിരുന്നു. ഇനി വീസൽ കൊബെക്കെതിരെയാണ് ഇന്റർ മിയാമിയുടെ അടുത്ത മത്സരം.

You Might Also Like