ഉംറാനും സിറാജും മതഭ്രാന്തന്മാര്‍, ഇന്ത്യന്‍ താരങ്ങളെ ലക്ഷ്യംവെച്ച് വീണ്ടും ഹിന്ദുത്വ ശക്തികള്‍

ഹോട്ടലിലേക്കുളള സ്വീകരണത്തിനിടെ തിലകം തൊടാന്‍ വിസ്സമതിച്ച ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി ഒരുവിഭാഗം. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഹോട്ടല്‍ ജീവനക്കാരി തിലകം തൊടാന്‍ ഒരുങ്ങുമ്പോള്‍ ഉംറാനും സിറാജും മാറിനില്‍ക്കുന്നത് കാണാമായിരുന്നു. ഇരുവരേയും കൂടാതെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ ഉള്‍പ്പെടെ മറ്റുചിലരും തിലകം തൊടാന്‍ വിസ്സമതിച്ചു.

എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് ഇരുവര്‍ക്കും നേരെയാണെന്നതാണ് ഏറെ ശ്രദ്ധേയം. മറ്റുളളവരെ പേരിന് പോലും വിമര്‍ശിക്കാന്‍ ഇവര്‍ തയ്യാറാല്ല. തിലകം തൊടാതെ ഇരുവരും വിട്ടുനിന്നത് ശരിയായില്ലെന്നാണ് വിമര്‍ശകരുടെ വാദം. തിലകം തൊടണോ, വേണ്ടയോ എന്നതു താരങ്ങളുടെ വ്യക്തിപരമായ താല്‍പര്യമാണെന്ന് മറ്റൊരു വിഭാഗം പറയുന്നു.

സുദര്‍ശന്‍ ന്യൂസ് ടിവി ചീഫ് മാനേജിംഗ് ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമായ സുരേഷ് ചാവങ്കെയടക്കമുള്ളവരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘മുഹമ്മദ് സിറാജിനും ഉംറാന്‍ മാലിക്കും സ്വീകരണത്തില്‍ നെറ്റിയില്‍ തിലകം ചാര്‍ത്തിയില്ല. പാക്കിസ്ഥാന്റെയല്ല, ഇന്ത്യന്‍ ടീമിന്റെ കളിക്കാരനാണ്. അന്താരാഷ്ട്ര ക്രിക്കറ്ററായതിനു ശേഷവും അദ്ദേഹം തന്റെ മതത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഉണരൂ’ വീഡിയോ സഹിതം സുരേഷ് ട്വിറ്ററില്‍ കുറിച്ചു.

അവര്‍ ഈ നിലയിലെത്തിയിട്ടും മതഭ്രാന്തരാണെന്ന് ബിജെപി പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട അരുണ്‍ യാദവ് കുറിച്ചു. ഇന്ത്യന്‍ സംസ്‌കാര പ്രകാരം തിലകം ചാര്‍ത്താന്‍ സിറാജും ഉംറാനും വിസമ്മതിച്ചുവെന്ന് ചിലര്‍ കുറ്റപ്പെടുത്തി. ഹിന്ദുത്വ അക്കൗണ്ടുകള്‍ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

നാഗ്പൂരിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലനം. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഒമ്പതിന് നാഗ്പൂരില്‍ തന്നെയാണ് ആദ്യ മത്സരം. വിവാഹത്തിനു ശേഷം ടീമില്‍ മടങ്ങിയെത്തിയ കെ എല്‍ രാഹുലും, പരുക്കുമാറിയെത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമിനൊപ്പമുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍ (രണ്ടാം ടെസ്റ്റിന്) , കെ എസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്ഖട്, സൂര്യകുമാര്‍ യാദവ്.

You Might Also Like