ഇന്ത്യയ്ക്കായി 300 വിക്കറ്റുകള്‍ ഇനി നേടുക അവനായിരിക്കും, യുവതാരത്തെ കുറിച്ച് വമ്പന്‍ പ്രവചനം

കുറഞ്ഞ സമയത്തിനുളളില്‍ തകര്‍പ്പന്‍ മെയ്ക്കോവര്‍ നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബോളറാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. തന്റെ കൃത്യമായ ലൈനും ലെങ്ത്തും കൊണ്ട് സിറാജ് ലോകോത്തര ബാറ്റർമാരെ ഞെട്ടിക്കുകയാണ് ഇപ്പോൾ.

സിറാജ് തന്റെ കരിയറിൽ ഉണ്ടാക്കിയിരിക്കുന്ന നേട്ടങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം  ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് സംസാരിക്കുകയുണ്ടായി. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അടുത്തതായി 300 വിക്കറ്റുകൾ നേടാൻ പോകുന്ന താരം മുഹമ്മദ് സിറാജ് ആയിരിക്കുമെന്നാണ് ദിനേശ് കാർത്തിക്ക് പ്രവചിക്കുന്നത്.

ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലെ പ്രധാന താരമായും സിറാജ് മാറുമെന്നും കാർത്തിക്ക് വിലയിരുത്തുന്നു.

‘ ലോകകപ്പ് ടീമിൽ സിറാജ് ഇന്ത്യയുടെ ഭാഗമായിരിക്കും എന്നെനിക്ക് പൂർണ്ണമായ ബോധ്യമുണ്ട്. അയാൾ ടീമിൽ സ്ഥാനമാർഹിക്കുന്നുണ്ട്. അത്ര മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. എങ്ങനെയാണ് പരാജയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് 2022 ഐപിഎൽ സിറാജിനെ പഠിപ്പിച്ചിട്ടുണ്ട്. അത് അയാളെ ഒരുപാട് സഹായിക്കുകയും ചെയ്തു’ ‘ ദിനേശ് കാർത്തിക് പറയുന്നു.

‘പരിക്കുകൾ പിടികൂടിയില്ലെങ്കിൽ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ വീഴ്ത്തുന്ന ബോളറായി സിറാജ് മാറും. അയാൾക്ക് അതിനുള്ള എല്ലാ കഴിവുമുണ്ട്. ദീർഘകാലത്തേക്ക് ഫിറ്റ്നസ് തുടരുക എന്നത് മാത്രമാണ് അയാൾക്ക് മുൻപിലുള്ള വെല്ലുവിളി’ കാര്‍ത്തിക് വിലയിരുത്തുന്നു.

‘അയാൾ വളരെയധികം ആശ്രയിക്കാനാവുന്ന ബോളറാണെന്ന് ഇതിനോടകം കാട്ടിത്തന്നിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലാണ് സിറാജ് ഏറ്റവും ശക്തൻ. അതിന് ശേഷമാണ് ഏകദിന ക്രിക്കറ്റ് വരിക. ടി20യിൽ അയാൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്’ കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റുകളിലും മികവാർന്ന ബോളിംഗ് പ്രകടനങ്ങൾ തന്നെയാണ് മുഹമ്മദ് സിറാജ് കാഴ്ചവെച്ചിട്ടുള്ളത്. മുഹമ്മദ് ഷമിക്കൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാൻ സിറാജിന് ഇരു ടെസ്റ്റുകളിലും സാധിച്ചിരുന്നു. മാർച്ച് ഒന്നിനാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് നടക്കുന്നത്.

You Might Also Like