“കളിച്ചു ജയിക്കാൻ നോക്കാതെ രാഷ്ട്രീയം പറഞ്ഞാൽ ഇങ്ങനിരിക്കും”- ജർമനിക്കെതിരെ ഈഡൻ ഹസാർഡ്

ഖത്തർ ലോകകപ്പിൽ സൗത്ത് കൊറിയക്കെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയ ജർമനി അതിനു മുന്നോടിയായി നടത്തിയ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. മത്സരത്തിനു മുൻപ് ടീം ഫോട്ടോയെടുക്കുമ്പോൾ എല്ലാ ജർമൻ താരങ്ങളും മുഖം പൊത്തിപ്പിടിച്ചാണ് പോസ് ചെയ്‌തത്‌. തങ്ങളുടെ രാഷ്ട്രീയവും ഖത്തറിന്റെ നിലപാടുകൾക്കെതിരായ പ്രതിഷേധവും പറയുന്നതിനെ ഫിഫ വിലക്കിന്റെ ഭീഷണിയുയർത്തി തടഞ്ഞതിന്റെ ഭാഗമായാണ് ജർമൻ ടീം ഇത്തരമൊരു പ്രതിഷേധം മത്സരത്തിനു മുൻപ് നടത്തിയത്.

എൽജിബിടിക്യൂ കമ്മ്യൂണിറ്റിക്കെതിരെ ഖത്തറിൽ നിലനിൽക്കുന്ന നിയമങ്ങളിൽ പ്രതിഷേധം ഉയർത്തുകയെന്ന ലക്‌ഷ്യം ജർമനിക്ക് ഉണ്ടായിരുന്നു. ഇതിനായി വൺ ലവ് ആംബാൻഡ്‌ മത്സരത്തിൽ അണിയാനും അവർ തീരുമാനിച്ചു. എന്നാൽ ആംബാൻഡ്‌ അണിയാനുള്ള തീരുമാനത്തിൽ നിന്നും ഫിഫ അവരെ തടയുകയായിരുന്നു. ആംബാൻഡ്‌ അണിഞ്ഞു കളിച്ചാൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മഞ്ഞക്കാർഡ് സ്വീകരിക്കേണ്ടി വരുമെന്നാണ് ഫിഫ പറഞ്ഞത്. ഇതേത്തുടർന്ന് ആംബാൻഡ്‌ ധരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറിയ ജർമൻ ടീം ഫിഫക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് വായ് മൂടി ഫോട്ടോക്ക് പോസ് ചെയ്‌തത്‌.

അതേസമയം ജർമനിയുടെ പ്രതിഷേധത്തിൽ ബെൽജിയം നായകനും റയൽ മാഡ്രിഡ് താരവുമായ ഈഡൻ ഹസാർഡിന് അനുകൂല നിലപാടല്ലെന്ന് താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. മത്സരത്തിൽ ജർമനി തോൽവി വഴങ്ങിയ കാര്യം ചൂണ്ടിക്കാട്ടിയ ഈഡൻ ഹസാർഡ് ജർമൻ ടീം രാഷ്ട്രീയം പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ വിജയിക്കാനാണ് നോക്കേണ്ടിയിരുന്നതെന്ന് പറഞ്ഞു. ലോകകപ്പിൽ ഓരോ ടീമും വന്നിരിക്കുന്നത് കളിക്കാൻ വേണ്ടിയാണെന്നും രാഷ്ട്രീയം പറയാൻ വേറെ ആളുകളുണ്ടെന്നും ഫുട്ബോളിലാണ് ഓരോ ടീമും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഹസാർഡ് കൂട്ടിച്ചേർത്തു.

സ്വവർഗരതി ഖത്തറിൽ നിയമപരമല്ലാത്ത ഒന്നാണ്. അത് മനസിന്റെ വൈകല്യമായാണ് ഖത്തറിൽ കണക്കാക്കപ്പെടുന്നത്. ഇതടക്കം നിരവധി വിഷയങ്ങളിൽ പാശ്ചാത്യ രാജ്യങ്ങൾ ഖത്തറിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. പല രാജ്യങ്ങളും ഇതിനെതിരെ ലോകകപ്പ് വേദിയിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒരു രാജ്യത്തിന്റെ നിയമങ്ങളെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നു പറഞ്ഞ് ഫിഫ അതിനെ മുളയിലേ തന്നെ നുള്ളിക്കളയുകയായിരുന്നു.

You Might Also Like