റയൽ മാഡ്രിഡിന്റെ രണ്ടു താരങ്ങൾ റൊണാൾഡോക്കൊപ്പം അൽ നസ്‌റിലെത്താൻ സാധ്യത

എത്ര പ്രധാനപ്പെട്ട താരങ്ങളാണെങ്കിലും റയൽ മാഡ്രിഡ് വിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാൽ അവരെ നിർബന്ധിച്ച് ടീമിനൊപ്പം നിലനിർത്താൻ പ്രസിഡന്റായ ഫ്ലോറൻറീനോ പെരസ് തയ്യാറാകാറില്ല. ക്ലബിനായി ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ, കസമീറോ എന്നിവരെ വിട്ടുകൊടുത്തത് അതിനൊരു ഉദാഹരണമാണ്. ഈ താരങ്ങളെ വിരമിക്കുന്നത് വരെയും ടീമിൽ നിലനിർത്താൻ കഴിയുമായിരുന്നിട്ടും ഫ്ലോറന്റീനോ പെരസ് അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയില്ല.

റയൽ മാഡ്രിഡിനെ മൊത്തത്തിൽ അഴിച്ചു പണിതു കൊണ്ടിരിക്കുകയാണ് പെരസിപ്പോൾ. മോഡ്രിച്ച്, ക്രൂസ്, ബെൻസിമ തുടങ്ങിയവർ കരിയറിന്റെ അവസാനഘട്ടത്തിലാണ് ഇതിനു പുറമെ ഹസാർഡ് അടക്കമുള്ള താരങ്ങളെ ക്ലബിൽ നിന്നും ഒഴിവാക്കേണ്ടതും അതിനു പകരം മികച്ച യുവതാരങ്ങളെ എത്തിക്കേണ്ടതും അനിവാര്യമാണ്. ഇതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ പടിപടിയായി റയൽ നടത്തുന്നുണ്ട്. വിനീഷ്യസ്, റോഡ്രിഗോ, കാമവിങ, ഷുവാമേനി എന്നിവരെല്ലാം ടീമിലെത്തുന്നത് ഇതിന്റെ ഭാഗമായാണ്.

ഈ സീസണു ശേഷം റയൽ മാഡ്രിഡ് വിടുമെന്നുറപ്പുള്ള ഒരു താരം ഈഡൻ ഹസാർഡാണ്‌. ചെൽസിയിൽ മിന്നും ഫോമിൽ കളിക്കുന്ന സമയത്ത് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ താരത്തിന് ഇതുവരെയും തന്റെ മികച്ച ഫോം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയൊരു തിരിച്ചു വരവുണ്ടാകാൻ സാധ്യതയില്ലെന്നുറപ്പായ ഈഡൻ ഹസാർഡ് റൊണാൾഡോയുടെ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്നാണു സ്പോർട്ടിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹസാർഡിനു പുറമെ മോഡ്രിച്ചും അൽ നസ്‌റിലെത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സീസണിൽ റയൽ മാഡ്രിഡിനായി ഏറ്റവും മികച്ച പ്രകടനമല്ല മോഡ്രിച്ച് നടത്തുന്നത്. പ്രായം താരത്തെയും ബാധിച്ചുവെന്നതിനാൽ റയൽ മാഡ്രിഡ് കരാർ പുതുക്കാതിരിക്കാൻ സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ റൊണാൾഡോക്കൊപ്പം താരവും അൽ നസ്റിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ റയൽ മാഡ്രിഡിനെ വളരെയധികം സ്നേഹിക്കുന്ന മോഡ്രിച്ച് കരാർ പുതുക്കിയില്ലെങ്കിൽ വിരമിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

ലോകകപ്പിൽ ക്രൊയേഷ്യയോടൊപ്പം മികച്ച പ്രകടനമാണ് മോഡ്രിച്ച് നടത്തിയത്. അതുകൊണ്ടു തന്നെ ഇനിയും കളിക്കളത്തിൽ തുടരാൻ താരത്തിന് കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ രണ്ടു താരങ്ങളും റയൽ മാഡ്രിഡിൽ മികച്ച പ്രതിഫലം വാങ്ങുന്ന താരങ്ങളുമാണ്. നിലവിലെ സാഹചര്യത്തിൽ ഉയർന്ന തുക ലഭിക്കാൻ ഇവർക്ക് സൗദി തന്നെയാണ് തിരഞ്ഞെടുക്കാൻ കഴിയുക.

You Might Also Like