ഇനി കിരീടങ്ങൾ ഉറപ്പിക്കാം, ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിലെക്കെന്നുറപ്പായി

നിരവധി വർഷങ്ങളായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി തുടരുകയാണെങ്കിലും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ ഹാരി കെയ്‌നിനു കഴിഞ്ഞിട്ടില്ല. ടോട്ടനത്തിനൊപ്പം ഒരിക്കൽ ചാമ്പ്യൻസ് ലീഗിലും രണ്ടു തവണ ഇഎഫ്എൽ ചാമ്പ്യൻഷിപ്പിലും ഫൈനലിൽ എത്തിയതാണ് താരത്തിന്റെ പ്രധാന നേട്ടങ്ങൾ. ഇംഗ്ലണ്ടിനൊപ്പം 2021ലെ യൂറോ കപ്പ് ഫൈനലിലും കെയ്ൻ കളിച്ചിട്ടുണ്ടെങ്കിലും ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ടു.

പ്രീമിയർ ലീഗിൽ തിളങ്ങിയതിനു ശേഷം മൂന്നു തവണ ഗോൾഡൻ ബൂട്ട് ഹാരി കെയ്ൻ നേടിയിട്ടുണ്ട്. എന്നാൽ ഇനി ക്ലബ് തലത്തിലും കിരീടനേട്ടങ്ങൾ ഹാരി കെയ്‌നിനെ തേടിയെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ടോട്ടനം ഹോസ്‌പർ വിട്ട താരം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ തീരുമാനമായി. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇനി ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള ഹാരി കെയ്ൻ ടോട്ടനം ഹോസ്‌പർ വിടാനൊരുങ്ങുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരത്തിനായി ബയേൺ മ്യൂണിക്ക് നിരവധി ഓഫറുകൾ നൽകിയിട്ടും വിട്ടുകൊടുക്കാൻ ടോട്ടനം ഹോസ്‌പർ തയ്യാറായിരുന്നില്ല. നൂറു മില്യൺ യൂറോ വരെയുള്ള ബയേണിന്റെ ഓഫറുകൾ തഴഞ്ഞ ടോട്ടനം ആഡ് ഓണുകൾ അടക്കം 120 മില്യൺ യൂറോയുടെ ഓഫറിലാണ് താരത്തെ വിട്ടുകൊടുത്തത്.

പ്രീമിയർ ലീഗ് ആരംഭിച്ചതിനു ശേഷം ക്ലബ് വിടില്ലെന്ന നിലപാടിലായിരുന്നു ഹാരി കെയ്ൻ. അതേസമയം മെഡിക്കൽ പരിശോധനകൾക്കായി മ്യൂണിക്കിലേക്ക് പോകാൻ താരത്തിന് ടോട്ടനം അനുമതി നൽകിയില്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അഞ്ചു വർഷത്തെ കരാറാണ് കെയ്ൻ ബയേൺ മ്യൂണിക്കുമായി ഒപ്പിടുക. ഇതോടെ കരിയറിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഹാരി കേനിനെ തേടിയെത്തിയത്.

You Might Also Like