ഹാര്‍ദ്ദിക്കിനെ ഇനി ടീം ഇന്ത്യയിലേക്ക് പരിഗണിക്കില്ല, വെളിപ്പെടുത്തി ബിസിസിഐ

Image 3
CricketIPL

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ തുടര്‍ന്നും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഹാര്‍ദ്ദിക്കിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബിസിസിഐ വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.

ഹാര്‍ദിക് ഇപ്പോഴും ബൗള്‍ ചെയ്യാനുള്ള പൊസിഷനല്ല. ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ ടീമിനൊപ്പം നിര്‍ത്തി ബൗളിങില്‍ തയ്യാറെടുപ്പ് നടത്താനുള്ള സെലക്ടര്‍മാരുടെ പരീക്ഷണം അമ്പെ പാളിയിരുന്നു. അതുകൊണ്ടുതന്നെ ഇനി ടെസ്റ്റ് ക്രിക്കറ്റിലേക്കു ഹാര്‍ദിക്കിനെ പരിഗണിക്കില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ പിടിഐയോടു പ്രതികരിച്ചിരിക്കുന്നത്.

ഇതോടെ ഹാര്‍ദ്ദിക്കിന്റെ ടെസ്റ്റ് കരിയര്‍ ഏതാണ്ട് അവസാനിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. 2018ല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ പര്യടനം നടത്തിയപ്പോഴാണ് ഹാര്‍ദ്ദിക്ക് അവസാനമായി ടീമിന്റെ ഭാഗമായിരുന്നത്.

പരിക്കില്‍ നിന്നും മോചിതനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഹാര്‍ദിക് ഇനിയും 100 ശതമാനം ഫിറ്റ്നസിലേക്കു എത്തിയിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ നിശ്ചിത ഓവര്‍ പരമ്പരയില്‍ ഹാര്‍ദിക് കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു.

പക്ഷെ അടുത്തിടെ നിര്‍ത്തിവച്ച ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരോവര്‍ പോലും ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നില്ല. ഇതോടെയാണ് ടെസ്റ്റില്‍ തുടര്‍ന്നും ഇന്ത്യന്‍ ടീമിലേക്കു ഹാര്‍ദിക്കിനെ പരിഗണിക്കില്ലെന്ന് ബിസിസിഐ വെളിപ്പെടുത്തിയിരിക്കുന്നത്.