ഹാൻഡ്‌ബോൾ നിയമത്തിൽ പുതിയ ഭേദഗതി, ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ഫുട്ബോളിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് ഹാൻഡ് ബോൾ നിയമങ്ങൾ. നിലവിലെ നിയമമനുസരിച്ച് സ്വഭാവികവും അസ്വാഭാവികവുമായി പന്ത് കയ്യിൽ തട്ടുന്നതിനെ റഫറിമാർ ഹാൻഡ് ബോൾ നൽകുന്നതിനെതിരെ വ്യാപകമായി വിമർശങ്ങൾ ഉയരാറുണ്ട്. മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഹാൻഡ് ബോൾ നിയമങ്ങൾ.

എന്നാൽ ഫുട്ബോളിലെ നിയമനിർമാതാക്കൾ നിലവിലെ ഹാൻഡ്‌ബോൾ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്. നിയമനിർമാതാക്കൾ നടത്തിയ ആനുവൽ ജനറൽ മീറ്റിംഗിനൊടുവിലാണ് ഹാൻഡ്‌ബോൾ നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനമായത്. വരുന്ന ജൂലൈ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.

പുതിയ നിയമത്തിൽ ഒരു ടീമിലെ താരത്തിന്റെ ആക‌സ്മികമായി കയ്യിൽ കൊണ്ട പന്ത് പിടിച്ചെടുത്തു സഹതാരം ഗോൾ നേടുകയാണെങ്കിൽ ആ അവസരത്തിൽ അത് ഗോൾ നൽകുകയും ഹാൻഡ് ബോൾ അല്ലെന്നു വിധിക്കുകയാണ് ചെയ്യുക. അപ്രതീക്ഷിതമായി കയ്യിൽ തട്ടി ഒരു ഗോളിൽ കലാശിച്ചാലും അത് ഗോൾ നൽകാനാണ് പുതിയ നിയമത്തിൽ അനുശാസിക്കുന്നത്.

എന്നാൽ സ്വാഭാവികമായി പന്തിന്റെ ദിശ മാറ്റാൻ കൈ ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈ ശരീരത്തോട് ചേർന്നല്ലാതെ എതിർ ടീമംഗം എടുക്കുന്ന ഷോട്ട് കയ്യിൽ തട്ടിയാലോ അത് ഹാൻഡ് ബോളായി വിധിക്കപ്പെടും. ഇത് റഫറിയുടെയോ വീഡിയോ റഫറിയുടെയോ തീരുമാനത്തിലായിരിക്കും വിധി കൽപ്പിക്കുക. എന്തായാലും പഴയ നിയമം വിവാദങ്ങളും എതിർപ്പുകളും ഉയർത്താൻ തുടങ്ങിയതോടെ ഭേദഗതികളോടെയുള്ള പുതിയ നിയമം എല്ലാ ക്ലബ്ബുകളും ഒരു മികച്ച തീരുമാനമായാണ് കണക്കാക്കിയിരിക്കുന്നത്.

You Might Also Like