സിയച്ചിന്റെ അൽ നസ്ർ ട്രാൻസ്‌ഫർ കുളമായി, നഷ്‌ടം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും

മൊറോക്കൻ താരമായ ഹക്കിം സിയച്ചിന്റെ ട്രാൻസ്‌ഫർ ഡീലിൽ അപ്രതീക്ഷിത തിരിച്ചടി. ചെൽസിയിൽ നിന്നും സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാനായി എല്ലാ നടപടിക്രമങ്ങളും പൂർത്തിയായെങ്കിലും മെഡിക്കൽ പരിശോധനയിൽ താരത്തിന് പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ട്രാന്സ്ഫർ നീക്കങ്ങളിൽ അൽ നസ്ർ ക്ലബിന് സംശയമുള്ളത്.

ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞതു കൊണ്ടും പുതിയ താരങ്ങളെ അവർ സ്വന്തമാക്കിയതിനെ തുടർന്നുമാണ് ഹക്കിം സിയാച്ചിനെ അവർ വിൽക്കാനുള്ള തീരുമാനമെടുത്തത്. ചെൽസിയിൽ നിന്നും അൽ നസ്റിലേക്കുള്ള ട്രാൻസ്‌ഫറിനു താരത്തിന് പൂർണ സമ്മതവുമായിരുന്നു. എന്നാൽ മുട്ടുകാലിനു പരിക്കിന്റെ പ്രശ്‌നങ്ങൾ ഉള്ളതിനാൽ അൽ നസ്ർ ട്രാൻസ്‌ഫർ നീക്കങ്ങളിൽ സംശയിച്ചു നിൽക്കുകയാണ്.

സിയാച്ചിന്റെ അൽ നസ്ർ ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത കുറവാണെന്നു തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ജനുവരിയിൽ താരം പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിനു മുൻപ് നടത്തിയ മെഡിക്കൽ പരിശോധനയിലും സമാനമായ കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ അത് കാര്യമാക്കാതെ പിഎസ്‌ജി ട്രാൻസ്‌ഫർ നീക്കങ്ങളുമായി മുന്നോട്ടു പോയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ അവിടെയും തടസം നിന്നു.

സിയാച്ചിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ നടക്കാതെ വന്നത് അൽ നസ്‌റിന്റെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും വലിയ തിരിച്ചടിയാണ്. മുന്നേറ്റനിരയിൽ അവസരങ്ങൾ ഒരുക്കാൻ കഴിവുള്ള താരമായ സിയച്ച് ഗോളവസരങ്ങൾ സൃഷ്‌ടിക്കാൻ മിടുക്കനാണ്. ഗോളുകൾ അടിച്ചു കൂട്ടാൻ തന്നെ സഹായിക്കുന്ന ഒരു താരത്തിന്റെ അഭാവം റൊണാൾഡോക്ക് വീണ്ടും നേരിടേണ്ടി വരുമെന്നുറപ്പാണ്.

You Might Also Like