തുടക്കം മുതൽ അവസാനം വരെ കോട്ടകെട്ടി, ഇന്ത്യയുടെ വിജയം ഗുർപ്രീതിനു അവകാശപ്പെട്ടത്

സാഫ് ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനൽ പോരാട്ടം ആരാധകർക്ക് ആവേശകരമായ അനുഭവമാണ് നൽകിയത്. രണ്ടു ടീമുകളും ഒരുപോലെ പൊരുതിയ മത്സരത്തിൽ പക്ഷെ ഗോളുകളൊന്നും പിറന്നില്ല. എക്‌സ്ട്രാ ടൈമും പിന്നിട്ടു ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇന്ത്യ വിജയം നേടി സാഫ് ചാമ്പ്യൻഷിപ്പ് സെമിയിലേക്ക് കടന്നത്.

ഇന്ത്യയുടെ വിജയത്തിൽ നന്ദി പറയേണ്ടത് ടീമിന്റെ ഗോൾകീപ്പറായ ഗുർപ്രീത് സിങ് സന്ധുവിനോടാണ്. തുടക്കം മുതൽ ഒടുക്കം നടന്ന ഷൂട്ടൗട്ടിൽ വരെ താരത്തിന്റെ ചോരാത്ത കൈകൾ ഇന്ത്യൻ ടീമിന്റെ രക്ഷക്കായി എത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു വൺ ഓൺ വൺ അവസരം ലെബനന് ലഭിച്ചത് രക്ഷപ്പെടുത്തിയാണ് താരം തുടക്കമിട്ടത്.

അതിനു ശേഷം ഇന്ത്യ മുൻ‌തൂക്കം നേടിയ മത്സരത്തിൽ പിന്നീട് ഗുർപ്രീത് രക്ഷക്കായി എത്തുന്നത് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപായിരുന്നു. ലെബനൻ നായകൻ എടുത്ത ഫ്രീ കിക്ക് എല്ലാവരും ഗോളാകുമെന്നു തന്നെയാണ് ഉറപ്പിച്ചത്. എന്നാൽ ഇടതുവശത്തേക്ക് പറന്നു ചാടിയ ഗുർപ്രീത് മികച്ച മെയ്‌വഴക്കത്തോടെ അത് തട്ടിയകറ്റിയത് ലെബനൻ താരങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

അതിനു ശേഷവും ലെബനൻ നടത്തിയ മുന്നേറ്റങ്ങളെ ഇന്ത്യൻ പ്രതിരോധവും ഗുർപ്രീതും ചേർന്ന് തടഞ്ഞു നിർത്തി. ഷൂട്ടൗട്ടിൽ ലെബനൻ താരമെടുത്ത ആദ്യത്തെ ഫ്രീ കിക്ക് തന്നെ സേവ് ചെയ്‌ത താരം ഇന്ത്യക്ക് ആത്മവിശ്വാസം നൽകി. അതിനു ശേഷം ഇന്ത്യൻ താരങ്ങൾ എല്ലാ കിക്കുകളും ഗോളാക്കി മാറ്റുകയും നാലാമത്തെ കിക്കെടുത്ത ലെബനൻ താരം തുലക്കുകയും ചെയ്‌തതോടെ ഇന്ത്യ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

You Might Also Like