റെക്കോർഡ് ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ മെസി സഹായിച്ചു, വെളിപ്പെടുത്തലുമായി പെപ് ഗ്വാർഡിയോള

കഴിഞ്ഞ ദിവസമാണ് ക്രൊയേഷ്യൻ താരമായ ജോസ്കോ ഗ്വാർഡിയോളിന്റെ ട്രാൻസ്‌ഫർ മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കിയത്. ഒരു പ്രതിരോധതാരത്തിനു ഇന്നുവരെ നൽകിയ ഏറ്റവും ഉയർന്ന ട്രാൻസ്‌ഫർ തുകയാണ് മാഞ്ചസ്റ്റർ സിറ്റി ലീപ്‌സിഗ് താരത്തിനായി നൽകിയത്. തൊണ്ണൂറു മില്യൺ യൂറോയാണ് ക്രൊയേഷ്യൻ താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ജോസ്കോ ഗ്വാർഡിയോളിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള മുൻപ് നടത്തിയ പരാമർശമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഗ്വാർഡിയോളിനു നൽകേണ്ട ട്രാൻസ്‌ഫർ ഫീസ് കുറയാൻ ലയണൽ മെസി കാരണമായിട്ടുണ്ടെന്നാണ് ഗ്വാർഡിയോള പറഞ്ഞത്. ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ മെസി നടത്തിയ പ്രകടനത്തെയാണ് ഗ്വാർഡിയോള പരാമർശിച്ചത്.

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി തിളങ്ങി നിന്ന താരമായിരുന്നു ജോസ്കോ ഗ്വാർഡിയോൾ. എന്നാൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ലയണൽ മെസി താരത്തെ വട്ടം കറക്കിയിരുന്നു. അർജന്റീന നേടിയ മൂന്നാമത്തെ ഗോളിന് മെസി അസിസ്റ്റ് നൽകിയത് ജോസ്‌കോയെ നിഷ്പ്രഭമാക്കിയാണ്. ഇതേക്കുറിച്ചാണ് ഗ്വാർഡിയോള സൂചിപ്പിച്ചത്.

അതേസമയം ഗ്വാർഡിയോൾ കൂടി വന്നതോടെ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധം വളരെ ശക്തമായിട്ടുണ്ട്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റിയാദ് മഹ്റാസും ഗുൻഡോഗനും അടക്കമുള്ള താരങ്ങളെ നഷ്‌ടമായെങ്കിലും ഇക്കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ട്രെബിൾ നേട്ടം ആവർത്തിക്കാൻ കഴിയുമെന്നാണ് മാഞ്ചസ്റ്റർ സിറ്റി ഈ സൈനിങ്ങിലൂടെ വ്യക്തമാക്കുന്നത്.

You Might Also Like