എംബാപ്പയെ ഫ്രാൻസ് ടീം നായകനാക്കിയതിൽ അമർഷം പുകയുന്നു, സൂപ്പർതാരം വിരമിക്കാൻ സാധ്യത

ലോകഫുട്ബോൾ ഭരിക്കാൻ പോകുന്ന താരമാണ് എംബാപ്പെയെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമില്ലെങ്കിലും എല്ലാ കാര്യങ്ങളിലും തന്റെ ആധിപത്യം ഉണ്ടാകണം എന്നൊരു വാശി താരത്തിനുണ്ടോയെന്നൊരു സംശയം പലർക്കുമുണ്ട്. പിഎസ്‌ജി ടീമിന്റെ നായകരിൽ ഒരാളായി എംബാപ്പയെ തീരുമാനിച്ചതിനു പുറമെ ഫ്രാൻസ് ടീമിന്റെ പ്രധാന ക്യാപ്റ്റനായും താരത്തെ തീരുമാനിച്ചത് അത് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഫ്രാൻസ് ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാംപ്‌സ് പുതിയ നായകനെ പ്രഖ്യാപിച്ചത്. എംബാപ്പയെ നായകനാക്കിയപ്പോൾ അന്റോയിൻ ഗ്രീസ്മാൻ ഉപനായകനായി പ്രഖ്യാപിക്കപ്പെട്ടു. അടുത്ത ദിവസങ്ങളിൽ യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ നടക്കുമ്പോൾ എംബാപ്പെ ആയിരിക്കും ടീമിനെ നയിക്കുക.

അതേസമയം സീനിയോറിറ്റി കൂടുതലുള്ള തന്നെ മറികടന്ന് എംബാപ്പെയെ നായകനാക്കിയ തീരുമാനത്തിൽ ഗ്രീസ്മാന് അതൃപ്‌തിയുണ്ടെന്നാണ് ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ. തന്റെ അമർഷം താരം പരിശീലകനെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി വിരമിക്കാനുള്ള ആലോചന വരെ അത്ലറ്റികോ മാഡ്രിഡ് താരം നടത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫ്രാൻസ് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അന്റോയിൻ ഗ്രീസ്മാൻ. ഫ്രാൻസ് ജേഴ്‌സിയിൽ എല്ലായിപ്പോഴും മികച്ച പ്രകടനം നടത്തുന്ന താരം കഴിഞ്ഞ രണ്ടു ലോകകപ്പിലും ഫ്രാൻസിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിച്ചിരുന്നു. 117 മത്സരങ്ങൾ ഫ്രാൻസിനായി കളിച്ച് 42 ഗോളുകൾ നേടിയിട്ടുള്ള ഗ്രീസ്മാൻ എംബാപ്പയേക്കാൾ സീനിയറായ താരം കൂടിയാണ്.

അതേസമയം ഗ്രീസ്മാനെ ഒഴിവാക്കി എംബാപ്പയെ നായകനാക്കുകയല്ല ചെയ്‌തതെന്നാണ്‌ പരിശീലകൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്. എംബാപ്പെ നായകനാവാൻ അർഹതയുള്ള താരമാണെന്നും ടീമിനെ നല്ല രീതിയിൽ നയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

You Might Also Like