അവര്‍ ഹീറോകളല്ല, വംശീയവാദികള്‍, ഡിവില്ലേഴ്‌സിന്റെയെല്ലാം പൊയ് മുഖം വലിച്ച് കീറുന്ന കണ്ടെത്തല്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കുന്ന കണ്ടെത്തലുമായി അന്വേഷണ കമ്മീഷന്‍. ദക്ഷിണാഫ്രിക്കയിലെ പ്രമുഖതാരങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വിവേചനപരമായി പെരുമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നിയമിച്ച കമ്മീഷന്റേതാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

മുന്‍ നായകനും നിലവില്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഡയറക്ടറുമായ ഗ്രേയം സ്മിത്ത് , പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ , മുന്‍ നായകന്‍ എ ബി ഡിവിലിയേഴ്സ് എന്നിവര്‍ക്കെതിരെയാണ് പരാമര്‍ശങ്ങള്‍.

2015ലെ ഇന്ത്യന്‍ പര്യടനത്തില്‍ സെലക്ഷന്‍ ചട്ടം ലംഘിച്ച് കറുത്ത വര്‍ഗക്കാരനായ ഖായാ സോണ്ടോയെ നായകന്‍ ഡിവിലിയേഴ്സ് ഒഴിവാക്കിയെന്നാണ് ഒരു കണ്ടെത്തല്‍. പരിക്കേറ്റ ജെ പി ഡുമിനിക്ക് പകരമായി സോണ്ടോയെ ഉള്‍പ്പെടുത്താതെ ഡീന്‍ എല്‍ഗാറിന് അവസരം നല്‍കിയതിലാണ് ചട്ടലംഘനം.

കറുത്ത വര്‍ഗക്കാരനായ താരത്തെ അധിക്ഷേപിച്ച് ബൗച്ചറും സുഹൃത്തുക്കളും പാട്ട് പാടിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. 235 പേജുള്ള റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വക്താവ് പ്രതികരിച്ചു.

അടുത്തിടെ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനിടെയും വര്‍ണവിവേചനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചിരുന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്താന്‍ വിസമ്മതിച്ച് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് വെസ്റ്റ് ഇന്‍ഡിസിനെതിരായ മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിന്‍മാറുകയായിരുന്നു. സംഭവം വലിയ വിവാദമായതോടെ മാപ്പ് പറഞ്ഞതിനൊടുവിലാണ് ഡി കോക്കിന് ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്താനായത്.

You Might Also Like