തിരുമ്പി വന്താച്ച്, ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത

ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തിന് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് കൈവരിച്ചെന്ന്് വിവിധ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിലെ 15 അംഗ ടീമിലേക്കും കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തി.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ശ്രീലങ്കയിലെത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും കണ്ട ശേഷമാണ് ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. കാന്‍ഡിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിന് ശേഷമായിരുന്നു ഈ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നത്.

ലോകകപ്പ് ടീം ലിസ്റ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 5-ന് ആണ്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗം സെപ്തംബര്‍ നാലിന് വൈകുന്നേരമാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ മെഡിക്കല്‍ ടീം രാഹുലിനെ ക്ലിയര്‍ ചെയ്തതിന് ശേഷം, ഒരു ദിവസം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ടീം മാനേജുമെന്റിന് തോന്നി. ഇന്ത്യയുടെ ആദ്യ ഇലവനിലെ പ്രധാന താരമായ രാഹുല്‍, ലോകകപ്പില്‍ ഗ്ലൗസും ധരിക്കും, വലത് തുടയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുല്‍ കഴിഞ്ഞ മൂന്നര മാസമായി പുറത്തായിരുന്നു.

രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. രാഹുലിനൊപ്പം ഇഷാന്‍ കിഷനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മൂവരേയും കൂടാതെ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ നയിക്കും. സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ബാറ്റിങില്‍ മുന്‍ഗണന നല്‍കിയതിനാല്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമില്‍ ഇടം നേടി.

ബൗളിംഗ് വിഭാഗത്തില്‍ ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് ആക്രമണത്തെ നയിക്കുമ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ടീമില്‍ ഇടം നേടി. സെലക്ഷന്‍ കമ്മിറ്റി രാഹുലിന്റെ ഫിറ്റ്‌നസും ചര്‍ച്ച ചെയ്യുകയും മെഡിക്കല്‍ ടീം ഗ്രീന്‍ സിഗ്നല്‍ നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്രെ.

You Might Also Like