ചെയ്യാത്ത ഫൗളിന് ഫ്രീകിക്ക്, അതിൽ നിന്നും ഗോൾ; ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത് റഫറി തന്നെ

2016നു ശേഷം പിന്നീട് ഗോവയുടെ മൈതാനത്ത് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുകയായിരുന്നു. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് വീഴുകയും അപരാജിത കുതിപ്പ് തുടർന്ന് ഗോവ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്‌തു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം മോശമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ആദ്യത്തെ ഇരുപതു മിനുട്ട് മാത്രമാണ് ഗോവ ഗോൾകീപ്പർക്ക് ഭീഷണിയുയർത്തുന്ന മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് സംഘടിപ്പിച്ചത്. അതിനു ശേഷം ഗോവയുടെ ആക്രമണങ്ങൾ കൊണ്ട് നിറഞ്ഞ മത്സരത്തിൽ അവർ ലീഡ് നേടുകയും ചെയ്‌തു. അതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന് ഒരു അവസരവും നൽകാതെ പ്രകടനവും നൽകാതെ തളച്ചിടാനും അവർക്ക് കഴിഞ്ഞു.

അതേസമയം അർഹിച്ച രീതിയിലല്ല ഗോവ ലീഡ് നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഗോൾ വന്നത്. ഗോവ താരത്തെ ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്ക് നവോച്ച സിങ് ഫൗൾ ചെയ്‌തതിന്‌ റഫറി ഫ്രീകിക്ക് അനുവദിച്ചു. താൻ ഫൗൾ ചെയ്‌തിട്ടില്ലെന്ന് ഉറപ്പുള്ള നവോച്ച സിങ് രൂക്ഷമായി പ്രതികരിച്ചതിന് താരത്തിന് റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്‌തു.

എന്നാൽ അതൊരു ഫൗൾ അല്ലെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. കാലിടറിയാണ് ഗോവ താരം വീണത്. ലൈൻ റഫറി അതിൽ ഫൗൾ വിളിച്ചില്ലെങ്കിലും മെയിൻ റഫറി ഫൗൾ നൽകി. ആ ഫൗളിനുള്ള ഫ്രീ കിക്കിൽ നിന്നുമാണ് ഗോവ ഗോൾ നേടിയത്. വിക്റ്റർ എടുത്ത ഫ്രീ കിക്ക് റൗളിൻ ബോർജസ് ഒരു വോളിയിലൂടെ പോസ്റ്റിലേക്ക് വിട്ട് ഗോവക്ക് ലീഡ് നേടിക്കൊടുത്തു.

ഗോവയുടെ ആക്രമണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിന്റെ ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ പ്രതിരോധിച്ചിരുന്നു. അനാവശ്യമായി നൽകിയ ആ ഫ്രീകിക്കിൽ നിന്നുമുള്ള ആ ഗോൾ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മത്സരത്തിൽ സമനിലയെങ്കിലും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞേനെ. എന്തായാലും ബ്ലാസ്റ്റേഴ്‌സിന് റഫറി നൽകിയ തിരിച്ചടികളിൽ മറ്റൊന്ന് കൂടിയായി ഇത് മാറി.

You Might Also Like