അർജന്റീനയുടെ സുപ്രധാന താരം ലോകകപ്പിൽ നിന്നും പുറത്ത്, പകരക്കാരനാരെന്ന് തീരുമാനമായി

ഖത്തർ ലോകകപ്പിന് ഇനി പതിനൊന്നു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അർജന്റീനയുടെ മധ്യനിര താരമായ ജിയോവാനി ലൊ സെൽസോ കളിക്കില്ലെന്ന കാര്യത്തിൽ തീരുമാനമായി. താരം നിലവിൽ കളിക്കുന്ന ക്ലബായ വിയ്യാറയലാണ് ഇക്കാര്യം അറിയിച്ചത്. ലൊ സെൽസോയുടെ പരിക്ക് ഗുരുതരമാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ലോകകപ്പിന് മുൻപ് തിരിച്ചു വരാനുള്ള ശ്രമം താരം നടത്തിയിരുന്നു. എന്നാൽ ടീമിലെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ താരത്തിന് ടൂർണമെന്റ് നഷ്‌ടമാകും എന്നു തന്നെയാണ് ഉറപ്പിക്കുന്നത്.

അത്‌ലറ്റിക് ബിൽബാവോക്കെതിരായ ലാ ലിഗ മത്സരത്തിനിടയിലാണ് ലൊ സെൽസോക്ക് പരിക്കു പറ്റിയത്. ഇതിനു ശേഷം നടത്തിയ പരിശോധനകൾക്കു ശേഷം ശസ്ത്രക്രിയ വേണ്ടി വരുമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അതൊഴിവാക്കി ലോകകപ്പിന് മുൻപ് സുഖം പ്രാപിക്കാനുള്ള ശ്രമങ്ങളാണ് താരം ആദ്യം നടത്തിയത്. ശസ്ത്രക്രിയ നടത്തിയാൽ എട്ടാഴ്‌ച പുറത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാൽ ശസ്ത്രക്രിയ അല്ലാതെ താരത്തിന് മറ്റൊരു വഴിയുമില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.

അർജന്റീന മിഡ്‌ഫീൽഡിലെ പ്രധാനപ്പെട്ട താരമാണ് ലൊ സെൽസോ. റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരഡെസ് എന്നിവരും ലോ സെൽസോയും ചേർന്ന മധ്യനിരയെയാണ് ലയണൽ സ്‌കലോണി വളരെക്കാലമായി ആദ്യ ഇലവനിൽ ഇറക്കുന്നത്. മുപ്പത്തിയഞ്ചു മത്സരങ്ങളായി പരാജയം അറിയാത്ത അർജന്റീന ടീമിന്റെ കുതിപ്പിൽ ഇവർ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ലയണൽ മെസിയുമായി മികച്ച ഒത്തിണക്കം പുലർത്തുന്നതു കൊണ്ടും അർജന്റീന ടീമിന് നിർണായക സാന്നിധ്യമായ ലോ സെൽസോയെ നഷ്‌ടമാകുന്നത് ടീമിന് വലിയ തിരിച്ചടിയാണ്.

ലൊ സെൽസോക്ക് പകരക്കാരനായി ബെൻഫിക്കയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ് എത്താനാണ് സാധ്യത കൂടുതൽ. ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിയെ മറികടന്ന് ഗ്രൂപ്പ് ജേതാക്കളായ ബെൻഫിക്ക ടീമിലെ നിർണായക സാന്നിധ്യമാണ് എൻസോ ഫെർണാണ്ടസ്. ഇവർക്കു പുറമെ ബ്രൈറ്റൻ താരമായ മാക് അലിസ്റ്റർ, സെവിയ്യ താരം പപ്പു ഗോമസ് എന്നിവർക്കും ലോ സെൽസോയുടെ പൊസിഷനിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്നു.

You Might Also Like