അമ്പരപ്പിക്കുന്ന പ്രകടനം നടത്തി 26ാം വയസില്‍ വിരമിച്ചു, ആകെ കളിച്ചത് 5 മത്സരം

കെ നന്ദകുമാര്‍പിള്ള

വെറും അഞ്ച് ഏകദിന മത്സരങ്ങള്‍ മാത്രം കളിച്ച ഒരു കളിക്കാരന്‍. അതില്‍ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനങ്ങള്‍. കൂടാതെ ലോകകപ്പ് ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തിയ ഒരു ഓള്‍ റൌണ്ട് പ്രകടനം. എന്നിട്ടും, എന്തുകൊണ്ടോ ആ താരം കളിച്ച ഏകദിന മത്സരങ്ങള്‍ വെറും അഞ്ച്. ഓസ്ട്രലിയയുടെ ഫാസ്റ്റ് ബൗളര്‍ കം ഓള്‍ റൗണ്ടര്‍ ആയിരുന്ന ഗാരി ഗില്‍മൂര്‍ ആയിരുന്നു ആ താരം. 1977 ല്‍, ഇരുപത്തിയാറാം വയസില്‍ കളി അവസാനിപ്പിച്ച ഒരു കളിക്കാരനെക്കുറിച്ച് നമ്മളില്‍ കുറച്ചു പേര്‍ക്ക് മാത്രമേ അറിയാന്‍ വഴിയുള്ളു. ഞാനും ഇദ്ദേഹത്തെ ശ്രദ്ധിച്ചത് ക്രിക്കറ്റ് ചരിത്രത്തിലൂടെ കടന്നു പോയപ്പോഴാണ്.

1975 ലോകകപ്പ്. ടെസ്റ്റില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നെങ്കിലും ലീഗ് മത്സരങ്ങളില്‍ ഗില്‍മൂര്‍ പന്ത്രണ്ടാമനായിരുന്നു. പക്ഷെ, ഹെഡിങ്ലിയില്‍ ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലില്‍ ഓസ്ട്രേലിയ ഗില്‍മൂറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഗ്രൗണ്ടില്‍ വീശിയടിക്കുന്ന കാറ്റിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനായി, ടോസ് ലഭിച്ച ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. ഗില്‍മൂര്‍ ഒരു തീയായി പെയ്തിറങ്ങിയപ്പോള്‍ നിമിഷ നേരം കൊണ്ട് ഇംഗ്ലണ്ട് 35 / 5, 37/ 7, 52 / 8 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞു . അതില്‍ ആദ്യത്തെ ആറു വിക്കറ്റുകളും നേടിയത് ഗില്‍മൂര്‍.

ഇംഗ്ലണ്ട് മുന്‍നിര നേടിയ സ്‌കോറുകള്‍ ഇപ്രകാരമായിരുന്നു 2, 6, 8, 7, 4 . 27 റണ്‍സ് നേടിയ മൈക്ക് ഡെന്നീസിനും 18 റണ്‍സ് നേടിയ പത്താമനായ ജെഫ് അര്‍ണോള്‍ഡിനും മാത്രമാണ് ഓസ്ട്രേലിയന്‍ ബൗളേഴ്സിനെ കുറച്ചെങ്കിലും പ്രതിരോധിക്കാനായത്. അവസാനം 93 റണ്‍സില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിച്ചു. ഗില്‍മൂറിന്റെ ബൗളിംഗ് ഫിഗര്‍ : 12 – 6 – 14 – 6.

അനായാസ ജയം തേടിയിറങ്ങിയ ഓസ്ട്രേലിയക്ക് അതെ നാണയത്തില്‍ ഇംഗ്ലണ്ട് മറുപടി നല്‍കി. അവസാനത്തെ അംഗീകൃത ബാറ്റ്‌സ്മാന്‍ റോഡ് മാര്‍ഷും ആറാമനായി പുറത്താകുമ്പോള്‍ ഓസ്ട്രേലിയയുടെ സ്‌കോര്‍ വെറും 39. ഒരു അപ്രതീക്ഷിത വിജയം കണ്മുന്പിലെത്തിയ ആവേശത്തിലും ആഹ്ലാദത്തിലും ഇംഗ്ലണ്ട്. അവിടെയും ഗില്‍മൂര്‍ ഒരു രക്ഷകനായി അവതരിച്ചു. എട്ടാമനായി ക്രീസിലെത്തിയ അദ്ദേഹം ഡഗ് വാള്‍ട്ടേഴ്‌സിനൊപ്പം പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 55 റണ്‍സ് നേടി ഓസ്ട്രേലിയയെ വിജയ തീരത്തെത്തിച്ചു. ഗില്‍മൂര്‍ അഞ്ചു ബൗണ്ടറികളുടെ സഹായത്തോടെ 28 പന്തില്‍ 28 റണ്‍സ് നേടി. ഇന്നും ലോകകപ്പുകളില്‍ മികച്ച പ്രകടനങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഒന്നാം സ്ഥാനം അലങ്കരിക്കുക ഗില്‍മൂറിന്റെ ഈ പ്രകടനമാകും.

ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഗില്‍മൂര്‍ മികച്ചു നിന്നു. 12 ഓവറില്‍ 48 റണ്‍സ് വഴങ്ങി അദ്ദേഹം വീഴ്ത്തിയത് 5 വിക്കറ്റുകള്‍. പക്ഷെ ടീം പരാജയപ്പെട്ടു. വിന്‍ഡീസിന്റെ 291 ചെയ്‌സ് ചെയ്ത ഓസ്ട്രേലിയ 274 നു ഓള്‍ ഔട്ട് ആയി. അതിനു ശേഷം എന്തുകൊണ്ടോ ഗില്‍മൂര്‍ കളിച്ചത് ഒരേയൊരു മത്സരം മാത്രം.

15 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 3 അഞ്ചു വിക്കറ്റ് പ്രകടനങ്ങള്‍ അടക്കം 54 വിക്കറ്റ് നേടിയിട്ടുണ്ട്. നല്ലൊരു ബാറ്റ്‌സ്മാന്‍ കൂടിയായ ഗില്‍മൂര്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറികളും അടിച്ചിട്ടുണ്ട്. ഇത്രയൊക്കെ മികച്ച കളിക്കാരന്‍ ആയിട്ടും 26 ആം വയസില്‍ ഗില്‍മൂര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2014 ല്‍ 63 ആം വയസില്‍ അദ്ദേഹം അന്തരിച്ചു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like