ഗംഭീറിന് നല്‍കിയ സ്വാതന്ത്രം ഷാറൂഖ് തനിക്ക് തന്നില്ല, തുറന്നടിച്ച് ഗാംഗുലി

Image 3
CricketIPL

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച നായകരെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതില്‍ ഒരാള്‍ തീര്‍ച്ചായായും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആയിരിക്കും. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിനെ ലോകോത്തര ടീമാക്കി മാറ്റിയെടുത്താണ് ഗാംഗുലി ചരിത്രം രചിച്ചത്.

എന്നാല്‍ ഐപിഎല്ലില്‍ ഇതേ ഗാംഗുലിക്ക് വിജയചരിത്രം രചിക്കാനായില്ല. രണ്ട് സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചെങ്കിലും ഒരുതവണ പോലും കിരീടം ചൂടാനാകാതെ സൗരവ് ഗാംഗുലി മടങ്ങുകയായിരുന്നു. ആദ്യ സീസണില്‍ ഏറെ പ്രതീക്ഷയോടെ ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ കൊല്‍ക്കത്ത ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇതോടെ ടീം മാനേജ്‌മെന്റും ഗാംഗുലിയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അന്ന് കൊല്‍ക്കത്ത പരിശീലകനായിരുന്ന ജോണ്‍ ബുക്കാനന്‍ ടീമില്‍ ക്യാപ്റ്റന്‍മാരെ മാറിമാറി പരീക്ഷിക്കുന്ന രീതി അവതരിപ്പിക്കുകയും ചെയ്തു. ഈ പരീക്ഷണം പാളിയതോടെ രണ്ടാം സീസണിനു പിന്നാലെ ബുക്കാനന്‍ പുറത്തായി. ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിവന്നെങ്കിലും മൂന്നാം സീസണിലും ആദ്യ നാലിലെത്താനായില്ല.

പിന്നീട് 2011ല്‍ ഗാംഗുലിയില്‍നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ഗൗതം ഗംഭീറിനു കീഴില്‍ കൊല്‍ക്കത്ത രണ്ടു തവണ കിരീടം ചൂടി. 2012, 2014 വര്‍ഷങ്ങളിലാണ് ഗംഭീറിനു കീഴില്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം ഉയര്‍ത്തിയത്.

ഐപിഎല്ലില്‍ സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന് വിജയിക്കാനാകാതെ പോയത് എന്തുകൊണ്ടാണ്? ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഗാംഗുലി ഈ ചോദ്യത്തിന് കഴിഞ്ഞ ദിവസം ഒരഭിമുഖത്തില്‍ ഉത്തരം പറഞ്ഞു. ടീമിന്റെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടസ്ഥനായ ഷാരൂഖ് ഖാനോട് സമ്പൂര്‍ണ അധികാരം ചോദിച്ചെങ്കിലും തന്നില്ലെന്നാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

‘ഒരു അഭിമുഖത്തില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനോട് ടീം ഉടമ ഷാരൂഖ് ഖാന്‍ ‘ഇതു താങ്കളുടെ ടീമാണ്, ഞാന്‍ ഒരു ഇടപെടലിനുമില്ലെ’ന്ന് പറഞ്ഞതായി അദ്ദേഹം പറയുന്നതുകേട്ടു. സത്യത്തില്‍ ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ വര്‍ഷം ഞാന്‍ അദ്ദേഹത്തോടു ചോദിച്ചതും സമാനമായ സ്വാതന്ത്രമാണ്. ഈ ടീമിനെ എന്നെ ഏല്‍പ്പിക്കൂ എന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷേ, അത് സംഭവിച്ചില്ല’ ഗാംഗുലി വെളിപ്പെടുത്തി.

‘ടീമംഗങ്ങളെ പൂര്‍ണമായി ഏല്‍പ്പിച്ചു കൊടുത്ത ടീമുകളാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളെന്ന് കാണാം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാര്യം നോക്കൂ. എം.എസ്. ധോണിയാണ് ആ ടീമിന്റെ സമ്പൂര്‍ണ ഉത്തരവാദി. മുംബൈ ഇന്ത്യന്‍സിലായാലും ഏതൊക്കെ കളിക്കാരെയാണ് ടീമിലെടുക്കേണ്ടതെന്ന കാര്യത്തില്‍ രോഹിത് ശര്‍മയുടെ മേല്‍ മറ്റാരെങ്കിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് തോന്നുന്നില്ല’ ഗാംഗുലി ചൂണ്ടിക്കാട്ടി.

‘ചിന്താരീതിയിലായിരുന്നു അന്നത്തെ പ്രശ്‌നങ്ങളെല്ലാം. കൊല്‍ക്കത്തയ്ക്ക് നാലു ക്യാപ്റ്റന്‍മാരെ വേണമെന്നായിരുന്നു അന്നത്തെ കോച്ചിന്റെ (ബുക്കാനന്റെ) ചിന്ത. അത് തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാടായിരുന്നു. ‘എനിക്ക് നാലു ക്യാപ്റ്റന്‍മാര്‍ വേണം, അങ്ങനെയെങ്കില്‍ ടീമിനെ എന്റെ വഴിയേ നയിക്കാം’ എന്ന് അദ്ദേഹം കരുതി’ ഗാംഗുലി പറഞ്ഞു.

‘ആദ്യ സീസണിന്റെ അവസാനത്തോടെയാണ് കോച്ചുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആരംഭിക്കുന്നത്. ഞാനായിരുന്നില്ല പ്രശ്‌നം. ഒരു ക്യാപ്റ്റനുമായി മുന്നോട്ടുപോകുന്ന ടീമിന്റെ സംവിധാനമായിരുന്നു അദ്ദേഹത്തിന് പ്രശ്‌നം. അങ്ങനെ കൊല്‍ക്കത്ത ടീമില്‍ ബ്രണ്ടന്‍ മക്കല്ലം ക്യാപ്റ്റനായി, അടുത്തയാള്‍ ക്യാപ്റ്റനായി, ബോളിങ്ങിന് ഒരു ക്യാപ്റ്റന്‍ വന്നു, പിന്നെ എന്തിനൊക്കെയാണ് ക്യാപ്റ്റന്‍ വന്നതെന്ന് എനിക്ക് തന്നെ അറിയില്ല’ ഗാംഗുലി പറഞ്ഞു.