ഐപിഎല്ലില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ന്നു, ഇത് അവിശ്വസനീയം

ടി20 ക്രിക്കറ്റിന്റെ എല്ലാ ഹാവഭാവങ്ങളുമെല്ലാം പൊളിച്ചെഴുതിയ മത്സരമായിരുന്നു കഴിഞ്ഞ് പോയത്. റണ്ണുകള്‍ ഒഴുകിയെത്തിയപ്പോള്‍ ടി20യിലെ ഏതാണ്ട് എല്ലാ റെക്കോര്‍ഡുകളും ഈ മത്സരം തകര്‍ത്തു. ആ മത്സരത്തില്‍ പിറന്ന ചില റെക്കോര്‍ഡുകള്‍ പരിചയപ്പെടാം.

– സണ്‍ റൈസേഴ്സ് നേടിയ മൂന്ന് വിക്കറ്റിന് 287 റണ്‍സ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. സ്വന്തം റെക്കോര്‍ഡ് തന്നെ. അവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മുംബൈ ഇന്ത്യന്‍സിനെ നേരിട്ടപ്പോള്‍ അടിച്ചെടുത്ത മൂന്നിന് 277 റണ്‍സായിരുന്നു ഇതുവരെ മുന്നില്‍.

– ആര്‍സിബിയും എസ്ആര്‍ച്ചും ചേര്‍ന്നു എടുത്തത് 549 റണ്‍സ്. ഇതും റെക്കോര്‍ഡ്. ടി20 ചരിത്രത്തില്‍ ഒറ്റ മത്സരത്തില്‍ ഇത്രയും റണ്‍സ് പിറക്കുന്നത് ആദ്യം. നേരത്തെ എസ്ആര്‍എച് മുംബൈ മത്സരത്തില്‍ പിറന്ന 523 റണ്‍സ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ റെക്കോര്‍ഡായി തിരുത്തപ്പെട്ടു.

– ഒരു ഐപിഎല്‍ പോരില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തുന്ന ടീമായി ഹൈദരാബാദ് മാറി. 22 സിക്സുകളാണ് ഹൈദരാബാദ് അടിച്ചത്. ആര്‍സിബി പുനെ വാരിയേഴ്സിനെതിരെ 2013ല്‍ നേടിയ 21 സിക്സുകളുടെ റെക്കോര്‍ഡാണ് വഴി മാറിയത്.

– എസ്ആര്‍എച്, ആര്‍സിബി താരങ്ങളെല്ലാം ചേര്‍ന്ന് പറത്തിയത് 38 സിക്സുകള്‍. ഇതും റെക്കോര്‍ഡാണ്. ഹൈദരാബാദും മുംബൈയും തമ്മിലുള്ള പോരിലും പിറന്നത് 38 സിക്സുകള്‍. ഈ റെക്കോര്‍ഡിനൊപ്പമാണ് ഇന്നലത്തെ സിക്സ് പ്രകടനവും എത്തിയത്.

– എസ്ആര്‍എച്, ആര്‍സിബി താരങ്ങളെല്ലാം ചേര്‍ന്ന് മൊത്തം 81 ബൗണ്ടറികളാണ് (സിക്സും ഫോറും) അടിച്ചത്. ഇതും റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി. 2023ല്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പോരാട്ടത്തില്‍ 81 ബൗണ്ടറികള്‍ പിറന്നിരുന്നു. ഈ റെക്കോര്‍ഡിനൊപ്പമാണ് ഇന്നലത്തെ പോരാട്ടത്തിലെ പ്രകടനങ്ങളും സ്ഥാനം പിടിച്ചത്.

– ടി20 ചരിത്രത്തില്‍ ഒരു ടീം ചെയ്സ് ചെയ്ത് തോല്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ് ഇനി ആര്‍സിബിക്ക്. ഇന്നലെ ഏഴിന് 262 റണ്‍സാണ് ആര്‍സിബി നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ അഞ്ചിന് 258 റണ്‍സാണ് വഴി മാറിയത്.

– ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ 250നു മുകളില്‍ സ്‌കോര്‍ നേടുന്ന ആദ്യ ടീമായി ഹൈദരാബാദ് മാറി. പിന്നാലെ ആര്‍സിബിയും ഈ റെക്കോര്‍ഡ് പട്ടികയില്‍ സ്ഥാനം നേടി.

 

You Might Also Like