“ഒപ്പം കളിക്കുന്നവരോടുള്ള അപമര്യാദ”- എമിലിയാനോയെ നാണം കെടുത്തിയ ബ്രസീലിയൻ താരത്തിനെതിരെ വിമർശനം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയും ആഴ്‌സണലും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ ആഴ്‌സണൽ രണ്ടു തവണ പിന്നിൽ നിന്നതിനു ശേഷം പൊരുതി വിജയം സ്വന്തമാക്കിയിരുന്നു. ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകളാണ് ആഴ്‌സണലിന് വിജയവും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്. ഇഞ്ചുറി ടൈമിലെ രണ്ടു ഗോളുകളിലും ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോക്ക് പങ്കുണ്ടായിരുന്നു. ഒരു സെൽഫ് ഗോൾ വഴങ്ങിയ താരം അതിനു പുറമെ അവസാന ഗോളിന് കാരണമായ പിഴവും വരുത്തി.

അവസാന മിനിറ്റുകളിൽ ആസ്റ്റൺ വില്ലക്ക് ലഭിച്ച കോർണറിൽ നിന്നും ഗോൾ തിരിച്ചടിക്കാൻ എമിലിയാനോ മാർട്ടിനസും പോയിരുന്നു. എന്നാൽ താരത്തിന്റെ ലക്‌ഷ്യം നടന്നില്ല, ആഴ്‌സണൽ പ്രത്യാക്രമണം നടത്തി നാലാം ഗോൾ സ്വന്തമാക്കി വിജയം ഉറപ്പിച്ചു. എമിലിയാനോ മാർട്ടിനസ് നിസ്സഹായനായി നോക്കി നിൽക്കെ ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്‌സനലിനായി നാലാമത്തെ ഗോൾ നേടിയത്.

ഗോൾ നേടുന്നതിനു മുൻപ് തന്നെ ഗബ്രിയേൽ മാർട്ടിനെല്ലി ആഘോഷം നടത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എമിലിയാനോ മാർട്ടിനസിന്റെ വിമർശകരെല്ലാം താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു. എന്നാൽ മാർട്ടിനെല്ലിയുടെ പ്രവൃത്തി ഒട്ടും ഉചിതമായില്ലെന്നാണ് മുൻ ആസ്റ്റൺ വില്ല താരവും ഫുട്ബോൾ നിരീക്ഷകനുമായ ഗാബി അബൊലഹോർ മത്സരത്തിന് ശേഷം പറഞ്ഞത്.

മത്സരത്തിൽ തനിക്ക് ഒട്ടും ഇഷ്‌ടപ്പെടാതിരുന്ന നിമിഷം മാർട്ടിനെല്ലി ഗോൾ അടിക്കുന്നതിനു മുൻപേ തന്നെ അത് ആഘോഷിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിൽ ടാപ്പിൻ ഗോൾ അടിക്കുന്നതിനു മുൻപ് ഇത്രയും ആഘോഷം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഒരു മാസത്തോളം ഇത് അസംബന്ധമാണ് താരത്തിന് തോന്നുമെന്നും ഒപ്പം കളിക്കുന്നവരോടുള്ള അപമര്യാദയാണിതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മത്സരം മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ഗാബിക്കുള്ളത്. രണ്ടു ടീമുകളും നന്നായി പൊരുതിയെന്നും ആദ്യപകുതിയിൽ ഒന്നു പുറകോട്ടു പോയ ആഴ്‌സണൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് വിജയം സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ വിജയിച്ചതോടെ ആഴ്‌സണൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു.

You Might Also Like