സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു, ആദ്യ പ്രതികരണവുമായി ഡികെയും

ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായതിന്റെ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

റിഷഭ് പന്തിനൊപ്പമാണ് വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിന്റെ സാധ്യത ലിസ്റ്റില്‍ പോലുമില്ലായിരുന്ന ദിനേശ് കാര്‍ത്തിക് ഐപിഎല്ലില്‍ നടത്തിയ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. അതിനിടെ കന്റേറ്ററായി പോലും പുതിയ കരിയര്‍ കാര്‍ത്തിക് തുടങ്ങിയിരുന്നു എന്നതാണ് മറ്റൊരു രസകരമായ സംഗതി.

ഐ പി എല്ലിനിടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെന്ന തന്റെ സ്വപ്നത്തെ കുറിച്ച് ദിനേശ് കാര്‍ത്തിക് തുറന്നുപറഞ്ഞിരുന്നു. ലോകകപ്പില്‍ കളിക്കണമെന്നും ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടികൊടുക്കണമെന്നും ദിനേശ് അന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ദിനേശ് കാര്‍ത്തിക് 16 മത്സരങ്ങളില്‍ നിന്നും 55.00 ശരാശരിയില്‍ 180 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശേഷം ചില മികച്ച പ്രകടനങ്ങള്‍ ദിനേശ് കാര്‍ത്തിക് കാഴ്ച്ചവെച്ചിരുന്നു. ഏഷ്യ കപ്പില്‍ ദിനേശ് കാര്‍ത്തിക് ഉണ്ടായിരുന്നുവെങ്കിലും ടൂര്‍ണമെന്റില്‍ ഒരേയൊരു പന്ത് മാത്രമാണ് താരം നേരിട്ടത്.

അതെസമയം ദിനേശ് കാര്‍ത്തികിന്റെ വരവ് മലയാളി താരം സഞ്ജു സാംസണിന് തിരിച്ചടിയായി മാറി. ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ ദിനേശ് കാര്‍ത്തികിനൊപ്പം റിഷഭ് പന്തിനെയാണ് വിക്കറ്റ് കീപ്പറായി പരിഗണിച്ചിരിക്കുന്നത്.

 

You Might Also Like