ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിനെ വിലക്കി ഫിഫ, കാരണം പ്രീമിയർ ലീഗിൽ നിന്നുള്ള ട്രാൻസ്‌ഫർ

കഴിഞ്ഞ ലോകകപ്പിന് ശേഷമാണ് ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറുന്നത്. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ മാറിയിട്ടുണ്ട്. സൗദി അറേബ്യൻ ഫുട്ബോളിലെ തന്നെ വലിയൊരു മാറ്റത്തിനാണ് ഇതിനായി തുടക്കമിട്ടതെന്ന കാര്യത്തിൽ സംശയമില്ല.

റൊണാൾഡോക്ക് പിന്നാലെ സൗദി അറേബ്യൻ ക്ളബുകളിലേക്ക് യൂറോപ്പിൽ നിന്നുള്ള താരങ്ങൾ ഒഴുകുന്നുണ്ട്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കരിം ബെൻസിമ, എൻഗോളോ കാന്റെ, എഡ്വേർഡ് മെൻഡി, ഫിർമിനോ തുടങ്ങി നിരവധി താരങ്ങൾ സൗദി അറേബ്യയിലെത്തിയിട്ടുണ്ട്. റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും യൂറോപ്പിൽ നിന്നുള്ള ഏതാനും താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ അൽ നസ്‌റിനെ സംബന്ധിച്ച് താരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിൽ ചെറിയൊരു തിരിച്ചടി സംഭവിച്ചിട്ടുണ്ട്. 2018ൽ നടന്ന ഒരു ട്രാൻസ്‌ഫറിന്റെ ഉടമ്പടികൾ പാലിക്കാത്തതു കാരണം സൗദി അറേബ്യൻ ക്ലബിനെതിരെ ഫിഫയുടെ വിലക്ക് വന്നിട്ടുണ്ട്. ലൈസ്റ്റർ സിറ്റിയിൽ നിന്നും അഹ്മദ് മൂസയെ സ്വന്തമാക്കിയ ഡീലാണ് ഇതിനു കാരണമായത്.

റഷ്യൻ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് അഹ്മദ് മൂസ അൽ നസ്റിൽ എത്തിയത്. എന്നാൽ താരത്തിന്റെ കരാറിലേ ഉടമ്പടികൾ പ്രകാരം നൽകാനുള്ള തുക അൽ നസ്ർ നൽകിയില്ലെന്ന് കാണിച്ചാണ് ലൈസ്റ്റർ സിറ്റി പരാതി നൽകിയത്. ഇതാണ് വിലക്കിനു കാരണമായത്. വിലക്കുള്ള സമയത്ത് പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ അൽ നസ്റിന് കഴിയില്ല.

ഏതാണ്ട് നാല് ലക്ഷം പൗണ്ട് പിഴയായി അടച്ചാൽ വിലക്ക് നീക്കിക്കൊടുക്കും. നിലവിലെ സാഹചര്യത്തിൽ അൽ നസ്ർ ആ തുക നൽകാനാണ് സാധ്യത. ഇന്റർ മിലാനിൽ നിന്നും ബ്രോസവിച്ചിനെ ടീമിലെത്തിച്ച അൽ നസ്ർ മറ്റു ചില യൂറോപ്യൻ താരങ്ങളെക്കൂടി നോട്ടമിട്ടിട്ടുണ്ട്.

You Might Also Like