ഇനി ഫുട്ബോളിൽ ഗോളടിമേളമാകും, ഓഫ്‌സൈഡ് നിയമത്തിൽ മാറ്റം തീരുമാനിച്ച് ഫിഫ

ഫുട്ബോളിനെ കാലാനുവർത്തിയായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് സ്വാഭാവികമാണ്. അതിനു പുറമെ തീരുമാനങ്ങൾ കുറ്റമറ്റതാക്കി മാറ്റുന്നതിനു വേണ്ടി സാങ്കേതികവിദ്യയും മൈതാനങ്ങളിൽ ഉപയോഗിക്കുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഫുട്ബോളിലെ ഓഫ്‌സൈഡ് നിയമത്തിൽ മാറ്റം വരുത്താൻ ഫിഫ അംഗീകാരം നൽകിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പന്ത് പാസ് നൽകുന്ന സമയത്ത് അറ്റാക്കിങ് പ്ലേയറുടെ ഗോളടിക്കാൻ അനുവദനീയമായ ശരീരഭാഗം ഡിഫെൻസിവ് ലൈനിനു മുന്നിൽ കടന്നാൽ ഓഫ്‌സൈഡായി കണക്കാക്കുമെന്നാണ് നിലവിലെ നിയമം. ഫോർവേഡ് പ്ലെയറുടെ കാൽപ്പാദത്തിന്റെ ഒരു ഭാഗം വരെ മുന്നിൽ കടന്നാലും ഇത്തരത്തിൽ ഓഫ്‌സൈഡായി കണക്കുകൂട്ടും. ഈ നിയമമാണ് ഫിഫ മാറ്റാനായി ഒരുങ്ങുന്നത്.

പരിഷ്‌കരിക്കാൻ ഒരുങ്ങുന്ന നിയമപ്രകാരം ഇത്തരത്തിൽ ഏതെങ്കിലും ഒരു ശരീരഭാഗം ഡിഫെൻസിവ് ലൈനിനു മുന്നിൽ വന്നാൽ അത് ഓഫ്‌സൈഡായി കണക്കു കൂട്ടില്ല. മറിച്ച് അറ്റാക്കിങ് പ്ലെയറുടെ ശരീരം മുഴുവനും മുന്നിൽ വന്നെങ്കിലെ ഓഫ്‌സൈഡ് വിളിക്കുകയുള്ളൂ. അതിനർത്ഥം പന്ത് പാസ് ചെയ്യുന്ന സമയത്ത് ഒരു കാൽപ്പാദം എങ്കിലും ഡിഫെൻസിവ് ലൈനിനു പിന്നിലാണെങ്കിൽ അത് ഓഫ്‌സൈഡായി കണക്കു കൂട്ടില്ലെന്നാണ്.

മുന്നേറ്റനിര താരങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ് ഈ നിയമം. അതേസമയം ഇത് ഉടനെ എല്ലായിടത്തും നടപ്പിൽ വരുത്താൻ ഫിഫ ഉദ്ദേശിക്കുന്നില്ല. ഹോളണ്ട്, സ്വീഡൻ, ഇറ്റലി എന്നിവിടങ്ങളിൽ പരീക്ഷണം എന്ന നിലയിൽ നടപ്പിലാക്കി പരിശോധിച്ചതിനു ശേഷമേ ഇത് സ്ഥിരമാക്കൂ. എന്തായാലും നടപ്പിൽ വന്നാൽ ഡിഫെൻഡർമാർക്ക് പണി കൂടുമെന്നതിൽ സംശയമില്ല.

You Might Also Like