തകര്‍ത്തടിക്കേണ്ട സമയത്ത് പന്തിന്റെ മുട്ടിക്കളി, ഡല്‍ഹി ക്യാപ്റ്റനെതിരെ രോഷം കത്തുന്നു

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ വഴങ്ങേണ്ടി വന്നെങ്കിലും ഒരു ഘട്ടത്തില്‍ ഡല്‍ഹി ജയിക്കുമെന്ന് തോന്നിച്ചിരുന്നു. ആദ്യ 51 പന്തില്‍ ഡല്‍ഹി 135 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചെടുത്തത്. ഇതോടെ മത്സരം ഡല്‍ഹിയുടെ വരുതിയിലാണെന്ന് കരുതിയിരുന്നു. എന്നാല്‍ അടുത്ത 64 പന്തില്‍ വെറും 64 റണ്‍സ മാത്രാണ് ഡല്‍ഹി നേടിയത്.

ഇതോടെ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി സ്‌കോര്‍ 199ല്‍ ഒതുങ്ങി. ഡല്‍ഹിയുടെ ഈ രണ്ടാം ഘട്ട മെല്ലപ്പോക്കിന് പിന്നില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ മോശം പ്രകടനമാണെന്നാണ് ആരോപണമുയരുന്നത്. ലോകകപ്പ് മുന്നില്‍ കണ്ട് റിഷഭ് നടത്തിയ സ്വാര്‍ത്ഥത മുന്നില്‍ നിര്‍ത്തിയ പ്രകടനമാണ് ഡല്‍ഹിയ്ക്ക് വിനയായെതെന്നാണ് ആരോപണം. മത്സരത്തില്‍ 34 പന്തില്‍ 44 റണ്‍സ് മാത്രമാണ് പന്ത് നേടിയത്.

ഡല്‍ഹിക്ക് തുടക്കത്തിലെ ഡേവിഡ് വാര്‍ണറെയും പൃഥ്വി ഷായെയും നഷ്ടമായെങ്കിലും ജേക് ഫ്രേസര്‍ മക്ഗുര്‍കും അഭിഷേക് പോറലും തകര്‍ത്തടിച്ചതോടെ വീണ്ടും പ്രതീക്ഷ നല്‍കിയിരുന്നു. പവര്‍ പ്ലേയില്‍ 88 റണ്‍സിലെത്തിയ ഡല്‍ഹിക്കായി മക്ഗുര്‍ക് 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഏഴാം ഓവറിലെ അവസാന പന്തില്‍ മക്ഗുര്‍ക് പുറത്താകുമ്പോള്‍ ഡല്‍ഹി 109 റണ്‍സിലെത്തിയിരുന്നു. മക്ഗുര്‍ക് പുറത്തായശേഷം അഭിഷേക് പോറല്‍ തകര്‍ത്തടിച്ചതോടെ ഡല്‍ഹി എട്ടോവര്‍ പിന്നിടുമ്പോള്‍ 131-3 എന്ന നിലയിലായിരുന്നു.

സാധാരണ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന റിഷഭ് പന്ത് ആ സമയത്ത് ഇറങ്ങാതെ ട്രൈസ്റ്റന്‍ സ്റ്റബ്‌സിനെയാണ് നാലാം നമ്പറില്‍ ബാറ്റിംഗിന് വിട്ടത്. ഒമ്പതാം ഓവറില്‍ പോറല്‍ പുറത്തായശേഷം ആറാം നമ്പറിലാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്. മക്ഗുര്‍കും പോറലും ഒരുക്കിക്കൊടുത്ത അടിത്തറയില്‍ പന്ത് ആടിത്തിമിര്‍ക്കുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.

തകര്‍ത്തടിക്കേണ്ട സമയത്ത് ടെസ്റ്റ് ഇന്നിംഗ്‌സ് കളിച്ച പന്ത് ആദ്യ 20 പന്തില്‍ അടിച്ചത് 16 റണ്‍സ് മാത്രമാണ് നേടിയത്. അടുത്ത 14 പന്തില്‍ 24 റണ്‍സ് കൂടി നേടി ആകെ അടിച്ചത് 34 പന്തില്‍ 44 റണ്‍സ്. അതില്‍ ആകെ അഞ്ച് ബൗണ്ടറിയും ഒരേയൊരു സിക്‌സും മാത്രമാണ് പിറന്നത്. ഇതോടെയാണ് ഡല്‍ഹി ജയിക്കുമെന്ന് തോന്നിച്ച മത്സരം തോറ്റത്.

You Might Also Like