ബാഴ്‌സലോണയുടെ മൈതാനത്ത് മുഴങ്ങിയത് മെസിയുടെ പേര്, താരത്തെ തിരിച്ചെത്തിക്കാനുള്ള ആവശ്യം ശക്തമാകുന്നു

ബാഴ്‌സലോണയിൽ തന്നെ വിരമിക്കുമെന്ന് ഏവരും പ്രതീക്ഷിച്ച കളിക്കാരനാണ് മെസിയെങ്കിലും വളരെ അപ്രതീക്ഷിതമായി താരം ക്ലബ് വിടുകയാണുണ്ടായത്. ലയണൽ മെസിക്കും ബാഴ്‌സലോണക്കും താൽപര്യം ഇല്ലായിരുന്നെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് താരത്തെ ഒഴിവാക്കാൻ കാരണമായത്. ബാഴ്‌സലോണയിൽ നിന്നും മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ചെയ്‌തു.

പിഎസ്‌ജിയിൽ രണ്ടു സീസൺ പൂർത്തിയായെങ്കിലും ലയണൽ മെസി ക്ലബിൽ ഒട്ടും സംതൃപ്തനല്ല. ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെ അത് പുതുക്കാൻ തയ്യാറായിട്ടുമില്ല. ഈ സീസണ് ശേഷം ലയണൽ മെസി പിഎസ്‌ജി വിട്ട് മറ്റേതെങ്കിലും യൂറോപ്യൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളും ഇപ്പോൾ ശക്തമായി വരുന്നുണ്ട്.

അതിനിടയിൽ കഴിഞ്ഞ ദിവസം ക്യാമ്പ് നൂവിൽ വെച്ച് നടന്ന ജെറാർഡ് പിക്വയുടെ ഫുട്ബോൾ ടൂർണമെന്റായ കിങ്‌സ് ലീഗിന്റെ ഫൈനലിനിടെ മെസിയുടെ ചാന്റുകൾ ഉയർന്നു കേട്ടിരുന്നു. മത്സരം കാണാനെത്തിയ തൊണ്ണൂറായിരത്തോളം വരുന്ന ആരാധകരാണ് മെസിയുടെ പേര് ആർത്തു വിളിച്ചത്. മെസി തിരിച്ചെത്താൻ അവർ എത്രത്തോളം ആഗ്രഹിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

ജെറാർഡ് പിക്വയുടെ നേതൃത്വത്തിൽ നടക്കുന്ന ഫാൻസി ഫുട്ബോൾ ടൂർണമെന്റാണ് കിങ്‌സ് ലീഗ്. വിവിധ മേഖലകളിലെ സെലിബ്രിറ്റികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി ഫുട്ബോളും വിനോദവും സമന്വയിപ്പിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. ഇത് കാണാൻ ബാഴ്‌സലോണ പ്രസിഡന്റും ലയണൽ മെസിയുടെ സഹോദരനും എത്തിയപ്പോഴാണ് മെസി വിളികളാൽ ക്യാമ്പ് ന്യൂ മുഖരിതമായത്.

ബാഴ്‌സലോണ ലയണൽ മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ വളരെ ശക്തമാണിപ്പോൾ. അത് നടക്കണമെങ്കിൽ ക്ലബ്ബിലേക്ക് തിരിച്ചെത്താൻ മെസിക്ക് താൽപര്യം ഉണ്ടോയെന്നാണ് ആദ്യം അറിയേണ്ടത്. ആരാധകരുടെ ഈ സ്നേഹം മെസിക്ക് തിരിച്ചെത്താൻ ഊർജ്ജം പകരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അത് സംഭവിക്കണേയെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

You Might Also Like