ഇനിയെങ്കിലും പരീക്ഷണങ്ങള്‍ നിര്‍ത്തൂ, രാജസ്ഥാന്‍ റോയല്‍സിനോട് അഭ്യര്‍ത്ഥനയുമായി ഒരുവിഭാഗം

ഐപിഎല്ലില്‍ കൂറ്റന്‍ ജയം നേടിയ ആവേശത്തിലാണല്ലോ രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ഒരു വേള തോറ്റെന്ന് ഉറപ്പിച്ചിടത്ത് നിന്നും ബട്‌ലറുടെ ഒറ്റയാള്‍ പോരാട്ട മികവില്‍ രാജസ്ഥാന്‍ റോയല്‍സ് വജയിച്ച് കയറുകയായിരുന്നു. 60 പന്തില്‍ നിന്ന് 107 റണ്‍സാണ് ബട്‌ലര്‍ നേടിയത്.

അതെസമയം ഹെറ്റ്മയറിനും പവലിനും മുന്‍പേ അശ്വിനെ ക്രീസിലേക്ക് അയച്ച രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനമാണ് ജയത്തിനിടയിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. 100-4 എന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സ് നില്‍ക്കുമ്പോഴാണ് അശ്വിനെ സഞ്ജുവും സംഗക്കാരയും ചേര്‍ന്ന് ഒരിക്കല്‍ കൂടി നേരത്തേ ബാറ്റിങ്ങിനിറക്കുന്നത്. എന്നാല്‍ 11 പന്തില്‍ നിന്ന് 8 റണ്‍സ് മാത്രമാണ് അശ്വിന് എടുക്കാനായത്.

റണ്‍റേറ്റ് ഉയര്‍ത്തി കളിക്കേണ്ട നിര്‍ണായക സമയത്ത് റണ്‍സ് കണ്ടെത്താന്‍ അശ്വിന്‍ പ്രയാസപ്പെടുന്നത് ആരാധകരേയും ആശങ്കപ്പെടുത്തി. ഒടുവില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ തന്ത്രത്തിന് മുന്‍പില്‍ അശ്വിന്‍ വീണു. മിഡില്‍ സ്റ്റംപിലേക്ക് എത്തിയ പന്തിലെ എക്‌സ്ട്രാ ബൗണ്‍സ് മനസിലാക്കുന്നതില്‍ അശ്വിന് പിഴച്ചപ്പോള്‍ ഡീപ് മിഡ്‌വിക്കറ്റില്‍ രഘുവന്‍ഷി താരത്തെ കൈക്കലാക്കി.

അശ്വിനെ ബാറ്റിങ് പൊസിഷനില്‍ നേരത്തെ ഇറക്കാനെടുത്ത രാജസ്ഥാന്‍ തീരുമാനം അനാവശ്യമായിരുന്നു എന്നാണ് ചില ആരാധകരുടേയും ക്രിക്കറ്റ് നിരീക്ഷകരുടേയും വിമര്‍ശനം. അശ്വിന് പിന്നാലെ വന്ന ഹെറ്റ്മയര്‍ ആദ്യ പന്തില്‍ ഗോള്‍ഡണ്‍ ഡക്കായി മടങ്ങുക കൂടി ചെയ്തതോടെ രാജസ്ഥാന്‍ വിജയ ലക്ഷ്യം തൊടുമോയെന്ന ആശങ്ക ശക്തമായിരുന്നു.

സീസണില്‍ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ കളിയിലും അശ്വിനെ രാജസ്ഥാന്‍ ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറ്റി ഇറക്കിയിരുന്നു. അന്ന് അഞ്ചാമത് ബാറ്റിങ്ങിന് ഇറങ്ങിയ അശ്വിന്‍ 19 പന്തില്‍ നിന്ന് 29 റണ്‍സ് നേടി. മൂന്ന് സിക്‌സുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നിരുന്നു.

 

You Might Also Like