വീണ്ടും സഞ്ജുവിനെതിരെ ഗുരുതര നീക്കം, ഹാര്‍ദ്ദിക്കിനെ പുറത്താക്കി പന്തിനെ ഉപനായകനാക്കുന്നു

Image 3
CricketCricket News

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കളിക്കുക പുതിയ വൈസ് ക്യാപ്റ്റന് കീഴിലെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ ദയനീയ പ്രകടനം കാഴ്ച്ചവെക്കുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പകരം റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കാനാണത്രെ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറുടെ പദ്ധതി.

ഐപിഎല്ലിലെ നിലവിലെ ഫോം അനുസരിച്ച് പാണ്ഡ്യയേക്കാള്‍ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുക്കുന്നതെന്നാണ് ബിസിസിഐ സംഘം വിലയിരുത്തുന്നത്. പ്രമുഖ കായിക മാധ്യമമായ ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മെയ് ഒന്നിന് ചേരുന്ന ബിസിസിഐ യോഗം ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റനായി പന്തിനെ പ്രഖ്യാപിച്ചേക്കും. പന്ത് ഉപനായകനാകുന്നത് മലയാളി താരം സഞ്ജു സാംസണിന് തിരിച്ചടിയാണ്. ഇതോടെ ലോകകപ്പ് പ്രധാന സ്‌ക്വാഡില്‍ നിന്നും സഞ്ജു പുറത്ത് പോയേക്കും.

മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20യില്‍ പന്ത് ഇന്ത്യന്‍ ക്യാപ്റ്റനായതാണ്. വാഹനാപകടത്തിന് ശേഷം തിരിച്ചെത്തിയ താരം മികച്ച പ്രകടനാണ് പുറത്തെടുക്കുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മറ്റ് സ്ഥാനങ്ങള്‍ക്കായി താരങ്ങളുടെ മത്സരം ഇപ്പോഴും ശക്തമാണ്. ജൂണ്‍ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നത്.

അതിനിടെ മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതിന് പിന്നാലെയാണ് പന്തിനെ ഉപനായകനാക്കാനുളള നീക്കം നടത്തുന്നത്.