ജയിക്കാന്‍ ‘ചതി’, ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പര തൂത്തുവാരി ഇന്ത്യ, ഗോസ്വാമിയ്ക്ക് വീരോചിത യാത്രയപ്പ്

ഇതിഹാസ താരം ജുലന്‍ ഗോസ്വാമിയ്ക്ക് അവസാന മത്സരത്തില്‍ ജയം സമ്മാനമായി നല്‍കി ടീം ഇന്ത്യ. ലോ സ്‌കോറര്‍ ത്രില്ലറില്‍ 16 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ഇതോടെ പരമ്പര 3-0ത്തിന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് 153 റണ്‍സിന് കീഴടങ്ങുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ വാലറ്റത്തിന്റെ പോരാട്ട വീര്യത്തെ അതിജീവിച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. എന്നാല്‍ പത്താം വിക്കറ്റ് വിവാദ രീതിയില്‍ നേടിയാണ് ഇന്ത്യ ജയം കൈവശപ്പെടുത്തിയതെന്നത് മാന്യന്മാരുടെ കളിയ്ക്കുമേലുളള കല്ലുകടിയായി. ഒരു ഘട്ടത്തില്‍ ഏഴിന് 65 എന്ന നിലയില്‍ നിന്ന് 43.4 ഓവറില്‍ 153 റണ്‍സ് നേടി ഇംഗ്ലണ്ട് പുറത്താകുമ്പോള്‍ ചാര്‍ലറ്റ് ഡീനിനെ അവസാന വിക്കറ്റായി മങ്കാഡിംഗ് രൂപത്തില്‍ ദീപ്തി ശര്‍മ്മ സ്വന്തമാക്കിയത്.

ഐ പി എല്ലില്‍ അശ്വിന്‍ ബട്ട്‌ലറെ പുറത്താക്കിയ രീതിയില്‍ ഇംഗ്‌ളണ്ട് ബാറ്റര്‍ ചാര്‍ലോട്ട് ഡീനെ പുറത്താക്കിയാണ് ഇന്ത്യ വിജയം നേടിയത്. 80 പന്തില്‍ 47 റണ്‍സ് നേടി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന താരം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ പന്തെറിയും മുന്‍പേ ക്രിസ് വിട്ടിറങ്ങുകയും ഇത് ശ്രദ്ധയില്‍ പെട്ട ബൗളര്‍ ദീപ്തി ശര്‍മ്മ താരത്തെ റണ്ണൗട്ടാക്കുകയും ചെയ്തു.

10 ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രേണുക സിങാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അവസാന മത്സരത്തിനിറങ്ങിയ ജുലന്‍ ഗോസ്വാമി പത്തോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 45.4 ഓവറില്‍ 169 റണ്‍സ് നേടുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടപെട്ടിരുന്നു. 79 പന്തില്‍ 50 റണ്‍സ് നേടിയ സ്മൃതി മന്ദാനയും 106 പന്തില്‍ 68 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയുമാണ് ഇന്ത്യയ്ക്ക് വേണ്ടി പിടിച്ച് നിന്നത്.

You Might Also Like