ബംഗ്ലാദേശിനെ മലർത്തിയടിച്ച് ഇംഗ്ലീഷ് സ്വാഗ്!! 137 റൺസിന്റെ വമ്പൻ വിജയം!!

2023 ഏകദിന ലോകകപ്പിലെ ഏഴാം മത്സരത്തിൽ ബംഗ്ലാദേശിനെ തുരത്തിയോടിച്ച് ഇംഗ്ലണ്ട് വിജയഗാഥ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് അപ്രതീക്ഷിതമായ പരാജയം നേരിട്ട ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരമാണ് മത്സരത്തിൽ കണ്ടത്. പൂർണമായും ഓൾറൗണ്ട് പ്രകടനങ്ങളോടെ ആധിപത്യം സ്ഥാപിച്ചാണ് ഇംഗ്ലണ്ട് മത്സരത്തിൽ വിജയം കൊയ്തത്. മത്സരത്തിൽ 137 റൺസിന്റെ കൂറ്റൻ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ടിനായി ഡേവിഡ് മലാൻ ബാറ്റിംഗിൽ തിളങ്ങിയപ്പോൾ ടോപ്ലിയാണ് ബോളിംഗിൽ മികവ് പുലർത്തിയത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ഓപ്പണർമാർ നൽകിയത്. ബെയർസ്റ്റോയും ഡേവിഡ് മലാനും ആദ്യ ഓവറുകളിൽ തന്നെ ബംഗ്ലാദേശിനുമേൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. കൃത്യമായ സമയങ്ങളിൽ ബൗണ്ടറി നേടി ബംഗ്ലാദേശിനെ സമ്മർദ്ദത്തിലാക്കാൻ ഇരുവർക്കും സാധിച്ചു. ബെയർസ്റ്റോ മത്സരത്തിൽ 52 റൺസാണ് നേടിയത്. ബെയർസ്റ്റോ പുറത്തായ ശേഷവും മലാൻ ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിൽ 107 പന്തുകൾ നേരിട്ട് മലൻ 140 റൺസ് നേടുകയുണ്ടായി. 16 ബൗണ്ടറികളും 5 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

ശേഷം മൂന്നാമനായി ക്രീസിലെത്തിയ ജോ റൂട്ടും ഇംഗ്ലണ്ടിനായി പൊരുതി. 68 പന്തുകളിൽ 82 റൺസാണ് റൂട്ട് നേടിയത്. ഈ സമയത്ത് ഇംഗ്ലണ്ടിന്റെ സ്കോർ അനായാസം 400 കടക്കും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ അവസാന ഓവറുകളിൽ ബംഗ്ലാദേശ് ബോളർമാർ തിരികെയെത്തിയതോടെ 364 റൺസിന് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. വമ്പൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തുടക്കം തന്നെ പാളി. മുൻനിരയിലുള്ള മൂന്നു ബാറ്റർമാരും രണ്ടക്കം കാണാതെ പുറത്തായതോടെ ബംഗ്ലാദേശ് പൂർണ്ണമായും സമ്മർദ്ദത്തിലായി. എന്നാൽ ഒരുവശത്ത് ഓപ്പണർ ലിറ്റൻ ദാസ്സ് ക്രീസിലുറച്ചത് ബംഗ്ലാദേശിന് ആശ്വാസം നൽകിയിരുന്നു.

മത്സരത്തിൽ 66 പന്തുകൾ നേരിട്ട് ലിറ്റൻ 7 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 76 റൺസാണ് നേടിയത്. ശേഷം 51 റൺസ് നേടിയ മുഷ്ഫിക്കുർ റഹീമാണ് ബംഗ്ലാദേശിനായി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചത്. എന്നാൽ ഇംഗ്ലണ്ട് സ്കോറിന്റെ അടുത്തെത്താൻ പോലും ബംഗ്ലാദേശിന് സാധിച്ചില്ല. ഇംഗ്ലണ്ടിനായി ബോളർ ടോപ്ലിയാണ് മത്സരത്തിൽ തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചത്. 10 ഓവറുകളിൽ 43 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ ടോപ്ലി സ്വന്തമാക്കുകയുണ്ടായി.

You Might Also Like