റൂട്ടിന്റെ കുറ്റിപിഴുത് ഉമേശ്, ഇന്ത്യ തിരിച്ചടിയ്ക്കുന്നു

ഓവല്‍ ടെസ്റ്റിന്റെ ആദ്യ ദിനം വീണത് 13 വിക്കറ്റുകള്‍. ഇന്ത്യയെ 191 റണ്‍സിന് പുറത്താക്കിയതിന്റെ ആവേശത്തില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റില്‍ 53 റണ്‍സ് എന്ന നിലയിലാണ്.

ഇതില്‍ 21 റണ്‍സെടുത്ത ജോറൂട്ടിനെ ഉമേശ് യാദവ് പുറത്താക്കിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. 25 പന്തില്‍ 21 റണ്‍സുമായി കുതിക്കുകയായിരുന്ന ജോറൂട്ടിന്റെ മിഡില്‍ സ്റ്റംമ്പ് പിഴുതാണ് ഉമേശ് ഇന്ത്യയ്ക്ക് വലിയ ആശ്വാസം നല്‍കിയത്.

ഇംഗ്ലീഷ് സ്‌കോര്‍ ആറ് റണ്‍സ് എത്തിയപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരേയും ഭുംറ തിരിച്ചയച്ചിരുന്നു. ബേണ്‍സും അഞ്ചു ഹസീബ് റണ്‍സ് ഒന്നും എടുക്കാതെയും പുറത്തായി.

26 റണ്‍സുമായി മലനും ഒരു റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ ഓവര്‍ടെണുമാണ് ക്രീസില്‍. ഇതോടെ ഏഴ് വിക്കറ്റ് അവശേഷിക്കെ ഇംഗ്ലണ്ട് ഇന്ത്യയോട് ഒന്നാം ഇന്നിംഗ്‌സില്‍ 138 റണ്‍സ് പിന്നിലാണ്.

നേരത്തെ 61.3 ഓവറില്‍ 191 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. എട്ടാം വിക്കറ്റില്‍ 127ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ടീം ഇന്ത്യ ഷാര്‍ദുല്‍ താക്കൂറും ഉമേശ് യാദവും നടത്തിയ ചെറുത്തുനില്‍പ്പാണ് വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

ഷാര്‍ദുല്‍ താക്കൂര്‍ വെറും 36 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സെടുത്ത് ടോപ് സ്‌കോററായി. എട്ടാം വിക്കറ്റില്‍ 10 റണ്‍സെടുത്ത ഉമേശിനൊപ്പം ചേര്‍ന്ന് അതിവേഗം 63 റണ്‍സാണ് ഷാര്‍ദുല്‍ അടിച്ചെടുത്തത്.

ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് ചെറുത്ത് നിന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. 96 പന്തില്‍ എട്ട് ഫോര്‍ സഹിതം 50 റണ്‍സാണ് കോഹ്ലി നേടിയത്.

ടീം സ്‌കോര്‍ 28ല്‍ നില്‍ രോഹിത്തിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 11 റണ്‍സാണ് രോഹിത്ത് നേടിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യയ്ക്ക് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. കെല്‍ രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4), രവീന്ദ്ര ജഡേജ (10), അജിന്‍ക്യ രഹാന (14), റിഷഭ് പന്ത് (9), ഭുംറ (0), മുഹമ്മദ് സിറാജ് (1) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.

ഇംഗ്ലണ്ടിനായി 15 ഓവറില്‍ 55 റണ്‍സ് വഴങ്ങി ക്രിസ് വോക്‌സ് നാല് വിക്കറ്റ് വീഴ്ത്തി. ഒലി റോബിന്‍സണ്‍ മൂന്നും ഓവര്‍ടണും ആന്‍ഡേഴ്‌സണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

 

You Might Also Like