3 വര്‍ഷത്തിന് ശേഷം സര്‍പ്രൈസ് താരം ഇംഗ്ലണ്ട് ടീമില്‍, ബെയര്‍‌സ്റ്റോയ്ക്ക് അമ്പരപ്പിക്കുന്ന പകരക്കാരന്‍

ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുകയും പിന്നീട് പരിക്കേറ്റ് പുറത്താകുകയും ചെയ്ത ജോണി ബെയര്‍‌സ്റ്റോയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച്് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. സൂപ്പര്‍ താരം അലക്‌സ് ഹെയ്ല്‍സിനെയാണ് ഇംഗ്ലീഷ് ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നത്. നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഹെയ്ല്‍സിന് ഇംഗ്ലീഷ് ടീമിലേക്ക് വിളിയെത്തുന്നത്.

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഹെയ്ല്‍സ് ടീമിന് പുറത്തായത്. അന്നത്തെ ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗണ്‍ ഹെയ്‌സിന്റെ കടുത്ത എതിരാളിയും ആയിരുന്നു.

മോര്‍ഗന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ഹെയ്ല്‍സിന്റെ ടീമിലേക്കുളള തിരിച്ചുവരവ്. പുതിയ നായകന്‍ ജോസ് ബട്‌ലറാണ് ഹെയ്ല്‍സിനെ ടീമിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ചരടുവലിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ച്ചയാണ് ലോകകപ്പ് ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഗോള്‍ഫ് കളിക്കുന്നതിനിടെ ബെയര്‍‌സ്റ്റോക് കാലിന് പരിക്കേറ്റത്. ഇതോടെ അദ്ദേഹം ലോകകപ്പില്‍ നിന്ന് പിന്മാറിയിരുന്നു.

ഈ മാസം പാക്കിസ്ഥാനില്‍ നടക്കുന്ന ഏഴ് മത്സര ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലും ഹെയ്ല്‍സിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇംഗ്ലണ്ട് ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകും. ലോകകപ്പ് ഒക്ടോബര്‍ 16 ന് ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഓസ്‌ട്രേലിയയുമായി ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.

You Might Also Like