ഐപിഎല്ലിന് കനത്ത തിരിച്ചടി, തീരുമാനം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ 14ാം സീസണ്‍ യുഎഇയില്‍ പുനരാരംഭിക്കാനുളള നീക്കവുമായി മുന്നോട്ട് പോകുകയാണ് ബിസിസിഐ. അതിടിടെ ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിച്ചാലും ഇംഗ്ലണ്ട് താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആഷ്ലി ജൈല്‍സ്. ഐപിഎല്ലിനായി ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര നേരത്തെയാക്കുന്നതിനെക്കുകിച്ച് ചിന്തിക്കുന്നില്ലെന്നും ജൈല്‍സ് വ്യക്തമാക്കി.

സെപ്റ്റംബറില്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുന്നതിനായി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഒരാഴ്ച നേരത്തെയാക്കണമെന്ന് നേരത്തെ നിര്‍ദേശമുയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ 12 അവസാനിക്കുന്ന രീതിയിലാണ് ബിസിസിഐ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ ആസൂത്രണം ചെയ്യുന്നത്.

ഈ സമയം ഇംഗ്ലണ്ട് ടീം ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പരമ്പരകള്‍ കളിക്കുകയായിരിക്കും. ഇന്ത്യക്കെതിരായെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കളിക്കുന്നത് സെപ്റ്റംബറിലാണെന്നും അതിനുശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബംഗ്ലാദേശ് പര്യടനത്തിനായി ഇംഗ്ലണ്ട് ടീം പുറപ്പെടുമെന്നും ജൈല്‍സ് പറഞ്ഞു.

അതിനുശേശം പാക്കിസ്ഥാനില്‍ പരമ്പര കളിക്കുന്ന ഇംഗ്ലണ്ട് ടീമിന് ടി20 ലോകകപ്പിന് മുമ്പ് മറ്റ് ടൂര്‍ണമെന്റുകളിലൊന്നും കളിക്കാനാവില്ലെന്നും ജൈല്‍സ് പറഞ്ഞു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ പമ്പരകള്‍ക്കിടയില്‍ ചില കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇതിനര്‍ത്ഥം മറ്റ് ടൂര്‍ണമെന്റുകളില്‍ പോയി കളിക്കാമെന്നല്ലെന്നും ജൈല്‍സ് പറഞ്ഞു. ടി20 ലോകകപ്പിനും അതിനുശേഷം നടക്കുന്ന ആഷസിനുമായി കളിക്കാരെ സജ്ജരാക്കുകയാണ് ടീമിന്റെ പ്രധാന ലക്ഷ്യമെന്നും ജൈല്‍സ് വ്യക്തമാക്കി.

ഐപിഎല്ലില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ അത് ഏറ്റവും വലിയ തിരിച്ചടിയാവുക മലയാളി താരം സഞ്ജു സാംസണ്‍ നായകനാവുന്ന രാജസ്ഥാന്‍ റോയല്‍സിനായിരിക്കും. പരിക്കിനെ തുടര്‍ന്ന് ജോഫ്ര ആര്‍ച്ചറെയും ബെന്‍ സ്റ്റോക്‌സിനെയും നഷ്ടമായ റോയല്‍സിന് ജോസ് ബട്ലറെയും നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നായകന്‍ ഓയിന്‍ മോര്‍ഗന്റെ സേവനനവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജോണി ബെയര്‍‌സ്റ്റോയുടെ സേവനവും നഷ്ടമാവും.

 

You Might Also Like