ഇന്ത്യയ്ക്ക് ഇംഗ്ലീഷ് പരമ്പര ദുസ്വപ്‌നങ്ങള്‍ സമ്മാനിക്കും, തുറന്നടിച്ച് ഓസീസ് സൂപ്പര്‍ താരം

ഇംഗ്ലീഷ് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമേറിയ അനുഭവമാകുമെന്ന് മുന്നറിയിപ്പുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. കപ്പിനും ചുണ്ടിനും നഷ്ടമായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇനി നേടണമെന്നുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നന്നായി കളിക്കാന്‍ സാധിക്കണമെന്നാണ് ഹോഗ് പറയുന്നത്.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യ ബുദ്ധിമുട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്നാണ് ഹോഗ് പറയുന്നത്. നന്നായി തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്നും അദ്ദേഹം പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ബ്രാഡ് ഹോഗിന്റെ പ്രതികരണം.

”ഇന്ത്യയ്ക്ക് 19 മത്സരങ്ങളുണ്ട്. ഇതില്‍ 13 എണ്ണം ജയിച്ചാലാണ് ഫൈനലിലെത്താന്‍ സാധിക്കുക. സ്വന്തം മണ്ണില്‍ വിദേശ ടീമുകളെ നേരിടുമ്പോള്‍ സാഹചര്യത്തിന്റെ മുന്‍തൂക്കം അവര്‍ക്കുണ്ട്. പക്ഷെ ഇംഗ്ലണ്ടില്‍ അവരുടെ ദുസ്വപ്നം ആരംഭിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നന്നായി തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ തുടക്കത്തിലേ പിന്നിലാകും. പിന്നെ ഓടിയെത്തേണ്ടി വരും” ബ്രാഡ് ഹോഗ് പറയുന്നു.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ രണ്ട് പരമ്പരകളും സ്വന്തം മണ്ണിലാണെന്നാണ് ബ്രാഡ് ഹോഗ് പറയുന്നത്. ഒന്ന് ഇന്ത്യയ്ക്ക് എതിരെയുള്ളതാണെങ്കില്‍ രണ്ടാമത്തേത് ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയാണ്. നാട്ടില്‍ ഇന്ത്യയേയും ഓസ്ട്രേലിയേയും പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് ഇംഗ്ലണ്ടിനെ മുന്നോട്ടുള്ള യാത്രയില്‍ നന്നായി സഹായിക്കുമെന്നും മുന്‍താരം അഭിപ്രായപ്പെടുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഓഗസ്റ്റ് നാലിന് നോട്ടിംഗ്ഹാമില്‍ ആരംഭിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുളളത്.

You Might Also Like