ജഡേജയെ ഇഷ്ടമില്ല, വീണ്ടും പോര്‍മുഖം തുറന്ന് ഇന്ത്യന്‍ താരം

കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ പരിഹസിച്ച് വിവാദത്തില്‍ അകപ്പെട്ടയാളാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയെ തട്ടിക്കൂട്ട് കളിക്കാരനെന്ന് വിശേഷിപ്പിച്ചാണ് സഞ്ജയ് മഞ്‌ജേക്കര്‍ പുലിവാല് പിടിച്ചത്.

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ വീരോചിത പ്രകടനത്തിനുശേഷം ജഡേജ തന്നെ മഞ്ജരേക്കര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. വിവാദങ്ങള്‍ക്ക് പുറകെ മഞ്ജരേക്കറെ കമന്ററി പാനലില്‍ നിന്നു തന്നെ ബിസിസിഐ ഒഴിവാക്കി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വീണ്ടും കമന്ററി പാനലില്‍ തിരിച്ചെത്തിയ മഞ്ജരേക്കര്‍ വിവാദങ്ങള്‍ക്ക് വീണ്ടും തിരി കൊളുത്തിയിരിക്കുകയാണ്.

രവീന്ദ്ര ജഡേജയുമായി തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ ഏകദിന, ടി20 മത്സരങ്ങളില്‍ ജഡേജയെപ്പോലുള്ള കളിക്കാരെ ഉള്‍പ്പെടുത്തുന്നത് തനിക്ക് ഇഷ്ടമല്ലെന്നും മഞ്ജരേക്കര്‍ ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തന്റെ അഭിപ്രായങ്ങള്‍ തന്റെ വര്‍ഷങ്ങളായുള്ള അനുഭവത്തില്‍ നിന്നും ബോധ്യങ്ങളില്‍ നിന്നുമാണ് പറയുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ബൗളിംഗിലോ ബാറ്റിംഗിലോ സ്‌പെഷലൈസ് ചെയ്യാത്ത കളിക്കാരെ ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ജഡേജയെ മാത്രമല്ല, ഹര്‍ദ്ദിക് പാണ്ഡ്യയായലും അത് അങ്ങനെ തന്നെയാണ്. തന്റെ ടീമില്‍ ഹര്‍ദ്ദിക് പാണ്ഡ്യയെയും ഉള്‍പ്പെടുത്തില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ജഡേജ വിലമതിക്കാനാവാത്ത കളിക്കാരനാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

You Might Also Like