കാര്‍ത്തികിന്റെ സ്ഥാനം കമന്ററി ബോക്‌സില്‍, ടീമിലെടുത്തതിനെതിരെ ആഞ്ഞടിച്ച് ജഡേജ

ഏഷ്യ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ ദിനേഷ് കാര്‍ത്തികിനെ ഉള്‍പ്പെടുത്തിയതിനെതിരെ പരസ്യമായി രംഗത്തെത്തി മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ അജയ് ജഡേജ. അധുനിക ക്രിക്കറ്റില്‍ ദിനേഷ് കാര്‍ത്തികിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ലെന്ന് വിലയിരുത്തുന്ന ജഡേജ മുഹമ്മദ് ഷമിയെ സെലക്ടര്‍മാര്‍ തഴഞ്ഞതില്‍ ന്യായീകരണമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒടിടി പ്ലാറ്റ് ഫോമായ ഫാന്‍കോഡിനോട് സംസാരിക്കുകയായിരുന്നു ജഡേജ.

‘ഞാന്‍ മുഹമ്മദ് ഷമിയെ ടീമിലെടുക്കും. ബൗളര്‍മാരെ ആദ്യം തിരഞ്ഞെടുക്കണമെന്നാണ് എന്റെ നിലപാട്. ഷമിക്കു ശേഷം ജസ്പ്രീത് ഭുംറ, അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും ടീമിലുണ്ടാകും. ബാറ്റര്‍മാരില്‍ റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവരും എന്തായാലും കളിക്കണം” അജയ് ജഡേജ പറഞ്ഞു.

‘പതിവു രീതി മാറി ആക്രമണ ക്രിക്കറ്റ് കളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യ ടീം സിലക്ഷനിലും വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടീമിലുണ്ടെങ്കില്‍ ദിനേഷ് കാര്‍ത്തിക്കിനെയും കളിപ്പിക്കേണ്ടിവരും. ടീമിന് ഇന്‍ഷുറന്‍സ് പോലെയാണ് കാര്‍ത്തിക്ക്. ഈ രണ്ടു താരങ്ങള്‍ കളിക്കുന്നില്ലെങ്കില്‍ കാര്‍ത്തിക്കിനും അവിടെ സ്ഥാനമില്ല. കാര്‍ത്തിക്കിനെ ഞാന്‍ ടീമിലെടുക്കില്ല. അദ്ദേഹത്തിന് എന്റെയൊപ്പം കമന്ററി ബോക്‌സില്‍ ഇടം ലഭിക്കും. കമന്റേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വളരെ മികച്ചതാണ്’ ജഡേജ പരിഹസിച്ചു.

‘എം.എസ്. ധോണിയുടെ ശൈലിയിലാണ് സെലക്ഷനെങ്കില്‍ കോഹ്ലി, രോഹിത്, കാര്‍ത്തിക്ക് എന്നിവരെ ഉള്‍പ്പെടുത്താം. എന്നാല്‍ ആധുനിക ക്രിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കേണ്ടിവരും. കോഹ്ലി ഫോമിലാണോ, അല്ലയോ എന്നത് അനുസരിച്ച് അദ്ദേഹത്തിന്റെ കാര്യവും തീരുമാനിക്കണം’ ജഡേജ നിലപാട് ജഡേജ വ്യക്തമാക്കി.

ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ടീമില്‍ ഋഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ തഴഞ്ഞായിരുന്നു ദിനേഷ് കാര്‍ത്തികിനെ ഇന്ത്യന്‍ ടീമില്‍ ഉല്‍പ്പെടുത്തിയത്.

You Might Also Like