തീരുമാനത്തിൽ മാറ്റമില്ല, അർജന്റീന ദേശീയ ടീമിനൊപ്പം തുടരാൻ പദ്ധതിയില്ലെന്ന് ഡി മരിയ

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതിനു പിന്നാലെ ഡി മരിയ വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് ഭൂരിഭാഗവും കരുതിയിരുന്നു. എന്നാൽ ലോകചാമ്പ്യന്മാർ എന്ന നിലയിൽ ദേശീയ ടീമിനൊപ്പം തുടരാനുള്ള ആഗ്രഹം കാരണം ഡി മരിയ ടീമിനൊപ്പം തന്നെ നിന്നു. വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെ ദേശീയ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കോപ്പ അമേരിക്കക്ക് ശേഷം ഏഞ്ചൽ ഡി മരിയ ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനിടയിൽ മറ്റു ചില അഭ്യൂഹങ്ങൾ വന്നിരുന്നു. കോപ്പ അമേരിക്കക്ക് പിന്നാലെ നടക്കുന്ന ഒളിമ്പിക്‌സ് ടൂർണമെന്റിൽ മെസിയും ഡി മരിയയും അർജന്റീന ടീമിനൊപ്പം ഉണ്ടാകുമെന്നും ഒരു കിരീടത്തിനു കൂടി വേണ്ടി അവർ ഒരുമിച്ച് പൊരുതുമെന്നുമായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം ഈ അഭ്യൂഹങ്ങൾ നിഷേധിച്ച് ഡി മരിയ തന്നെ രംഗത്തു വരികയുണ്ടായി. കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ടീമിൽ നിന്നും വിരമിക്കുമെന്നു പറഞ്ഞ തന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ടീമിൽ അവസരം ലഭിക്കാൻ കാത്തിരിക്കുന്ന നിരവധി യുവതാരങ്ങൾക്ക് വേണ്ടി മാറിക്കൊടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതോടെ കോപ്പ അമേരിക്ക ഡി മരിയയുടെ അവസാനത്തെ ടൂർണമെന്റ് ആകുമെന്ന് ഉറപ്പായി. അതേസമയം അടുത്ത ഒളിമ്പിക്‌സിൽ മെസി കളിക്കുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. അർജന്റീന ടീമിനൊപ്പം കിരീടങ്ങൾ നേടാൻ മെസിക്ക് ആഗ്രഹമുണ്ട്. മഷറാനോയാണ് പരിശീലകൻ എന്നതിനാലും മെസി ഒളിമ്പിക്‌സിൽ കളിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

You Might Also Like