കോപ്പ അമേരിക്ക അവസാനത്തെ പോരാട്ടം തന്നെ, ദേശീയ ടീമിൽ നിന്നും വിരമിക്കാനുറപ്പിച്ച് ഡി മരിയ

കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിനു പ്രധാന പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത പോരാട്ടം കാഴ്‌ച വെച്ച താരം അതിനു ശേഷം വിരമിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ദേശീയ ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. ലോകചാമ്പ്യനായി ദേശീയ ടീമിനൊപ്പം കളിക്കാനാണ് ഡി മരിയ അർജന്റീനയിൽ തുടർന്നത്.

എന്നാൽ അർജന്റീന ടീമിൽ തന്റെ അവസാനത്തെ നാളുകൾ അടുത്ത് കഴിഞ്ഞുവെന്നാണ് ഡി മരിയ പറയുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂണിൽ ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം ദേശീയ ടീമിനോട് വിടപറയുമെന്നു താരം വ്യക്തമാക്കുന്നു. ക്ലബ് തലത്തിൽ അതിനു ശേഷവും കളിക്കുമെങ്കിലും കോപ്പ അമേരിക്കക്ക് ശേഷം താരം അർജന്റീന ജേഴ്‌സി അണിയുകയില്ല.

“കോപ്പ അമേരിക്ക ടൂർണമെന്റ് ഞാൻ അവസാനമായി അർജന്റീന ജേഴ്‌സി അണിയുന്ന അവസരമായിരിക്കും. എന്റെ ചങ്കിൽ നിറഞ്ഞു നിൽക്കുന്ന വേദനയോടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യത്തോട് ഞാൻ വിട പറയാൻ പോവുകയാണ്. ആ ജേഴ്‌സി അണിഞ്ഞതും ആ ജേഴ്‌സിയിൽ വിയർപ്പ് നിറച്ചതും അതിനെ അനുഭവിച്ചതും വളരെയധികം അഭിമാനത്തോടെ തന്നെയായിരുന്നു.” ഡി മരിയ കഴിഞ്ഞ ദിവസം കുറിച്ചു.

അർജന്റീന ടീമിൽ എത്തിയതിനു ശേഷം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ഡി മരിയ അതിലെല്ലാം നിർണായക പങ്കു വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ മൂന്നു കിരീടനേട്ടങ്ങളുടെ കലാശപ്പോരാട്ടത്തിലും ഗോളുകൾ നേടിയ താരം കൂടിയാണ് ഡി മരിയ. നിലവിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ കളിക്കുന്ന താരം ദേശീയ ടീമിനെ ജേഴ്‌സിയിൽ നിന്നും വിടപറയുന്നത് ആരാധകർക്ക് വലിയ നിരാശ നൽകുന്ന കാര്യമാണ്.

You Might Also Like