ഡി മരിയ ഞങ്ങളുടെ ഇതിഹാസതാരം, പ്രഖ്യാപനവുമായി റയൽ മാഡ്രിഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റി നിർത്തിയാൽ കളിച്ച ടീമുകളിലെല്ലാം തന്റെ അടയാളങ്ങൾ സ്ഥാപിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. ലയണൽ മെസിയെപ്പോലെ തന്നെ അർജന്റീന ടീമിനൊപ്പം ഒരുപാട് വർഷങ്ങൾ കിരീടമില്ലാതെ നിന്ന താരം ഒടുവിൽ ദേശീയ ടീമിനൊപ്പം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി. ഇതോടെ അർജന്റീനയുടെ എക്കാലത്തെയും മികച്ച ഇതിഹാസമായി ഡി മരിയയും ഇടം പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയതിൽ പ്രധാന പങ്കു വഹിക്കാൻ ഏഞ്ചൽ ഡി മരിയക്ക് കഴിഞ്ഞിരുന്നു. മൂന്നു കിരീടങ്ങൾക്കുള്ള കലാശപ്പോരാട്ടത്തിലും താരം ഗോളുകൾ നേടുകയും ചെയ്‌തു. അതുകൊണ്ടു തന്നെയാണ് അർജന്റീന ആരാധകർക്ക് താരം പ്രിയപ്പെട്ടതായും തങ്ങളുടെ ഇതിഹാസമായും മാറുന്നത്.

അതേസമയം ഏഞ്ചൽ ഡി മരിയ അർജന്റീനയുടെ മാത്രം ഇതിഹാസമല്ല, തങ്ങളുടേത് കൂടിയാണ് എന്ന പ്രഖ്യാപനം റയൽ മാഡ്രിഡ് നടത്തിയിട്ടുണ്ട്. ക്ലബിന്റെ എക്കാലത്തെയും ഇതിഹാസങ്ങളുടെ പട്ടികയിൽ കഴിഞ്ഞ ദിവസം ഡി മരിയയെയും അവർ ഉൾപ്പെടുത്തി. റയൽ മാഡ്രിഡിനെപ്പോലെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബിൽ നാല് വർഷം കളിച്ച ഡി മരിയക്ക് ഇതൊരു വലിയ അംഗീകാരം തന്നെയാണ്.

2010 മുതൽ 2014 വരെ റയൽ മാഡ്രിഡിനൊപ്പം ഏഞ്ചൽ ഡി മരിയ ഉണ്ടായിരുന്നു. കാർലോ ആൻസലോട്ടി പരിശീലകനായിരുന്ന സമയത്ത് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ ക്ലബിന്റെ പ്രധാന താരങ്ങളിൽ ഒന്നായിരുന്നു ഡി മരിയ. അന്നത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിയിലെ താരമായ ഏഞ്ചൽ ഡി മരിയ അർഹിച്ച ബഹുമതി തന്നെയാണ് റയൽ മാഡ്രിഡ് നൽകിയത്.

You Might Also Like