വീണ്ടും ഫൈനലിൽ ഗോളടിച്ച് ഡി മരിയ, ബെൻഫിക്കക്ക് കിരീടത്തോടെ സീസണിന് തുടക്കം

നിർണായക മത്സരങ്ങളിൽ ഗോൾവേട്ട തുടർന്ന് അർജന്റൈൻ താരം ഏഞ്ചൽ ഡി മരിയ. കഴിഞ്ഞ ദിവസം പോർട്ടൊക്കെതിരെ നടന്ന പോർച്ചുഗീസ് സൂപ്പർകപ്പിൽ ബെൻഫിക്ക രണ്ടു ഗോളുകൾക്ക് വിജയം നേടിയപ്പോൾ ടീമിന്റെ ആദ്യത്തെ ഗോൾ നേടിയത് ഡി മരിയ ആയിരുന്നു. ഇതോടെ ബെൻഫിക്കയിലേക്കുള്ള രണ്ടാമത്തെ വരവിൽ കിരീടത്തോടെ തുടക്കമിടാൻ താരത്തിന് കഴിഞ്ഞു.

യൂറോപ്പിൽ ഏഞ്ചൽ ഡി മരിയയുടെ കരിയർ ആരംഭിക്കുന്നത് ബെൻഫിക്കയിലൂടെയാണ്. അവിടെ നിന്നുമാണ് താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് ലക്ഷ്യമിട്ട് യൂറോപ്പിൽ തന്നെ തുടർന്ന ഡി മരിയ ടീമിലെത്തിയത് മുതൽ മികച്ച പ്രകടനം നടത്തുന്നു. പ്രീ സീസൺ മത്സരങ്ങളടക്കം ആറു കളികളിൽ നിന്നും നാല് ഗോളുകൾ താരം നേടിക്കഴിഞ്ഞു.

കഴിഞ്ഞ സീസണിൽ ബെൻഫിക്കക്ക് പോർച്ചുഗീസ് ലീഗിൽ വെല്ലുവിളിയുയർത്തിയ പോർട്ടൊക്കെതിരായ മത്സരം അറുപതാം മിനുട്ട് വരെയും ഗോൾരഹിതമായിരുന്നു. എന്നാൽ അറുപത്തിയൊന്നാം മിനുട്ടിൽ മികച്ചൊരു ഫിനിഷിംഗിലൂടെ ഡി മരിയ ടീമിനെ മുന്നിലെത്തിച്ചു. ഏഴു മിനുട്ടിനു ശേഷം പീറ്റർ മൂസ കൂടി ഗോൾ കണ്ടെത്തിയതോടെ ബെൻഫിക്ക വിജയവും കിരീടവും ഉറപ്പിച്ചു.

മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടി മറ്റൊരു അർജന്റീന താരമായ നിക്കോളാസ് ഓട്ടമെൻഡിയും തിളങ്ങി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ബെൻഫിക്ക പോർച്ചുഗീസ് ലീഗ് നേടുകയും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ കളിക്കുകയും ചെയ്തിരുന്നു. എൻസോ ഫെർണാണ്ടസ്, ഗോൻകാലോ റാമോസ് എന്നിവർ ടീം വിട്ടെങ്കിലും ഈ സീസണിലും മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്ന് ബെൻഫിക്ക തെളിയിച്ചു.

You Might Also Like