മെംഫിസ് ഡീപേയ് അത്ലറ്റികോ മാഡ്രിഡിലെത്തി, പകരം താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നു സ്ഥിരീകരിച്ച് ബാഴ്‌സലോണ

ബാഴ്‌സലോണയുടെ നെതർലാൻഡ്‌സ് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേയെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി. 2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നും ഫ്രീ ഏജന്റായി ബാഴ്‌സലോണയിലെത്തിയ താരമാണ് ഡീപേയ്. ഒന്നര വർഷം ബാഴ്‌സലോണ ടീമിനായി കളിച്ച താരത്തിന് നിലവിൽ മികച്ച ഫോം കാഴ്‌ച വെക്കാൻ കഴിയാത്തതിനാൽ രണ്ടര വർഷത്തെ കരാറിലാണ് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയത്.

ഈ സീസൺ അവസാനിക്കുന്നതോടെ ഡീപേയും ബാഴ്‌സലോണയും തമ്മിലുള്ള കരാർ അവസാനിക്കാൻ പോവുകയായിരുന്നു. സാവിയുടെ ടീമിൽ സ്ഥാനമില്ലാത്ത താരത്തെ മൂന്ന് മില്യൺ യൂറോയിലധികം നൽകിയാണ് അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയത്. പോർച്ചുഗീസ് താരം ജോവോ ഫെലിക്‌സ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് ചേക്കേറിയതിനെ തുടർന്നാണ് ഇരുപത്തിയെട്ടു വയസുള്ള താരത്തെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയത്.

മെംഫിസ് ഡീപേയുടെ ട്രാൻസ്‌ഫർ നടന്നത് വഴി അത്ലറ്റികോ മാഡ്രിഡ് താരമായ യാനിക് കരാസ്‌കോയെ സ്വന്തമാക്കാനുള്ള അവകാശം ബാഴ്‌സലോണക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത സമ്മറിലാണ് ബാഴ്‌സലോണക്ക് ബെൽജിയൻ താരത്തെ സ്വന്തമാക്കാൻ കഴിയുക. എന്നാൽ താരത്തെ സ്വന്തമാക്കണമെന്ന നിർബന്ധം ബാഴ്‌സലോണക്കില്ല. ആവശ്യമുണ്ടെങ്കിൽ മാത്രം താരത്തെ ടീമിലെത്തിച്ചാൽ മതിയാകും. അതിനായി 15 മുതൽ 20 മില്യൺ യൂറോ വരെയാണ് അവർക്ക് മുടക്കേണ്ടി വരിക.

മെംഫിസ് ഡീപേയെ സ്വന്തമാക്കുക വഴി അത്ലറ്റികോ മാഡ്രിഡ് ജോവോ ഫെലിക്‌സ് ടീം വിട്ട അഭാവം ഏറെക്കുറെ പരിഹരിച്ചുവെന്ന് വേണം കരുതാൻ. അതേസമയം വിന്റർ ജാലകത്തിൽ ബാഴ്‌സലോണ ഇതുവരെയും ഒരു താരത്തെയും സ്വന്തമാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് അവർക്ക് തിരിച്ചടി നൽകുന്നത്. എന്നാൽ നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ടീമിനെ വിന്റർ ജാലകത്തിൽ ശക്തിപ്പെടുത്തണമെന്ന് പരിശീലകൻ സാവി വ്യക്തമാക്കിയിട്ടുണ്ട്.

You Might Also Like