ഇന്ത്യന്‍ ടീമില്‍ രണ്ട് നിര്‍ണ്ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ചു, പ്രാര്‍ത്ഥനകള്‍ വിഫലം

മലയാളി താരം സഞ്ജു സാംസണെ ബിസിസിഐ ടീമിലെത്തിക്കുമെന്ന പ്രര്‍ത്ഥനകളെല്ലാം വിഫലമായി. പരിക്കേറ്റ ദീപക് ഹൂഡയ്കക്കും കോവിഡ് ബാധിച്ച് ടീമിനൊപ്പം ചേരാത്ത മുഹമ്മദ് ഷമിയ്ക്കും പകരക്കാരെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഷഹ്ബാസ് അഹമ്മദിനേയും ബാറ്റര്‍ ശ്രേയസ് അയ്യരിനേയുമാണ് ഇരുവര്‍ക്കും പകരക്കാരായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതെസമയം ഇരുവരേയും സ്‌ക്വാഡിലേക്കാണോ അതോ റിസര്‍വ്വ് താരങ്ങളായാണോ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം മാത്രം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയ താരമാണ് ഹൂഡ. എന്നാല്‍ കിട്ടിയ അവസരം മുതലാക്കിയതോടെ വളരെ വേഗം ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകുകയായിരുന്നു. വേഗത്തില്‍ റണ്‍സ് നേടാനും ഏതാനും ഓവര്‍ പാര്‍ട്ട് ടൈം ഓഫ്സ്പിന്‍ നല്‍കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യന്‍ ടീമിനെ സന്തുലിതമാക്കാന്‍ സഹായിച്ചു.

എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയില്‍ സ്‌ക്വാഡിലുണ്ടായിട്ടും ഹൂഡ ടീമില്‍ നിന്ന് പുറത്തായി. ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്നാം ടി20ക്ക് തൊട്ടു മുമ്പായിരുന്നു ഹൂഡക്ക് പരിക്കേറ്റ വിവരം ബിസിസിഐ പുറത്ത് വിട്ടത്. പരിക്കിനെത്തുടര്‍ന്ന് ഹൂഡ അവസാന മത്സരത്തില്‍ സെലക്ഷന് ലഭ്യമല്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ പരിക്കില്‍ നിന്ന് മോചിതനാവാന്‍ എത്ര നാള്‍ വേണ്ടി വരുമെന്നോയുള്ള കാര്യം ഇതു വരെ വ്യക്തമായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ അതുണ്ടാകുമെന്നാണ് സൂചന.

ഒക്ടോബറില്‍ ഓസ്ട്രേലിയയിലേക്ക് പോകുന്ന 15 അംഗ ടി20 ലോകകപ്പ് ടീമില്‍ ഹൂഡ ഇടംപിടിച്ചിട്ടുണ്ട്. റിസര്‍വ് എന്ന നിലയില്‍ മാത്രമാണെങ്കിലും ഷമിയും ആ സ്‌ക്വാഡിന്റെ ഭാഗമാണ്.

You Might Also Like