ട്രാൻസ്‌ഫർ റെക്കോർഡുകൾ തകർത്ത് ആഴ്‌സണലിലേക്കൊരു മാസ് എൻട്രി, അടുത്ത സീസൺ പീരങ്കിപ്പടക്ക് സ്വന്തം

നിരവധി വർഷങ്ങൾക്ക് ശേഷം ആഴ്‌സണൽ ഗംഭീരപ്രകടനം പ്രീമിയർ ലീഗിൽ നടത്തിയ ഒരു സീസണായിരുന്നു കഴിഞ്ഞ തവണത്തേത്‌. കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും നിരവധി മാസങ്ങൾ പ്രീമിയർ ലീഗിന്റെ തലപ്പത്തിരുന്ന ആഴ്‌സണലിന് അവസാനമായപ്പോഴേക്കും പരിക്കുകൾ തിരിച്ചടി നൽകി രണ്ടാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. എന്നാൽ അടുത്ത സീസൺ അതിനെ മറികടക്കാൻ തന്നെയാണ് ഗണ്ണേഴ്‌സ്‌ ഒരുങ്ങുന്നത്.

പ്രീമിയർ ലീഗ് കിരീടം നേടണമെങ്കിൽ ആദ്യ ഇലവനിലും ബെഞ്ചിലും മികച്ച താരങ്ങൾ കൂടിയേ തീരുവെന്ന് ബോധ്യമുള്ളതിനാൽ സ്‌ക്വാഡിനെ ശക്തമാക്കാനാണ് ആഴ്‌സണൽ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് തകർത്ത തുകക്ക് വെസ്റ്റ് ഹാം യുണൈറ്റഡ് മധ്യനിര താരമായ ഡെക്ലൻ റൈസിനെ അവർ സ്വന്തമാക്കുകയുണ്ടായി. വെസ്റ്റ് ഹാമും താരവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

105 മില്യൺ പൗണ്ടിനാണ് ഇംഗ്ലണ്ട് മധ്യനിര താരത്തെ ആഴ്‌സണൽ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇത് ബ്രിട്ടീഷ് ക്ലബുകൾക്കിടയിലെ ഒരു ട്രാൻസ്‌ഫർ റെക്കോർഡാണ്. അതിനു പുറമെ ആഴ്‌സണലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയുടെ ട്രാൻസ്‌ഫറും റൈസിന്റേതു തന്നെയാണ്. ബെൻഫിക്കയിൽ നിന്നും എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയയതാണ് ഒരു പ്രീമിയർ ലീഗ് ക്ലബിന്റെ ഏറ്റവും ഉയർന്ന തുകയുടെ ട്രാൻസ്‌ഫർ.

പത്ത് വർഷമായി വെസ്റ്റ് ഹാമിൽ കളിക്കുന്ന റൈസ് കഴിഞ്ഞ സീസണിൽ ക്ലബിനൊപ്പം ആദ്യത്തെ കിരീടം നേടിയാണ് ക്ലബ് വിടുന്നത്. കോൺഫറൻസ് ലീഗ് കിരീടമാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് നേടിയ മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള റൈസിന് വേണ്ടി ശ്രമം നടത്തി എങ്കിലും താരം ആഴ്‌സണലിനെയാണ് തിരഞ്ഞെടുത്തത്. ഇതോടെ അടുത്ത സീസണിൽ കൂടുതൽ കരുത്തോടെയാണ് ആഴ്‌സണൽ കളത്തിലിറങ്ങുകയെന്ന കാര്യവും തീർച്ച

You Might Also Like