തെളിയിച്ചു, ഇനി ഡിവില്ലേഴ്‌സ് അണിയുക ആ പച്ച ജഴ്‌സി, കോഹ്ലിയ്ക്കും കൂട്ടര്‍ക്കും മുന്നറിയിപ്പ്
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാന്‍ എബി ഡിവില്ലേഴ്‌സ് ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ദേശീയ ടീമില്‍ തിരികെ എത്തിയേക്കുമെന്ന് ഡിവില്ലേഴ്‌സ് തന്നെ ഇതാദ്യമായി തുറന്ന് സമ്മതിച്ചു.
ഐപിഎല്ലില്‍ ബംഗളൂരു റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെയാണ് ഡിവില്ലേഴ്‌സ് ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.
‘വീണ്ടും ദക്ഷിണാഫ്രിക്കക്കായി കളിക്കുക എന്നത് മികച്ച അനുഭവമാവും. ഐപിഎല്‍ അവസാനിക്കുമ്പോള്‍ ബൗച്ചറുമായി സംസാരിക്കും. കഴിഞ്ഞ വര്‍ഷം ടീമില്‍ കളിക്കാന്‍ തയ്യാറുണ്ടോ എന്ന് എന്നോട് അദ്ദേഹം ചോദിച്ചിരുന്നു. ഉറപ്പായും എന്ന് ഞാന്‍ മറുപടിയും നല്‍കി.”- മത്സരത്തിനു പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
നേരത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ ഡിവില്ലേഴ്‌സിനെ ദേശീയ ടീമിലേക്ക് തിരികെയെത്തിക്കുമെന്ന് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ബൗച്ചറും പറഞ്ഞിരുന്നു. ഇതോടെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക കൂടുതല്‍ കരുത്തരാകും.
മത്സരത്തില്‍ ആര്‍സിബി 38 റണ്‍സിന് വിജയിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 204 റണ്‍സ് നേടിയത്. 78 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്വലാണ് ആര്‍സിബിയുടെ ടോപ്പ് സ്‌കോറര്‍. 76 റണ്‍സെടുത്ത് പുറത്താവാതെ നിന്ന എബി ഡിവില്ല്യേഴ്‌സും തിളങ്ങി.