കടുത്ത തീരുമാനമെടുക്കാൻ ഡി ഗിയ, മുപ്പത്തിരണ്ടാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ചേക്കും

പന്ത്രണ്ടു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഗോൾകീപ്പറായിരുന്ന ഡേവിഡ് ഡി ഗിയ ഈ സമ്മറിലാണ് ക്ലബ് വിടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി പലപ്പോഴും മിന്നുന്ന പ്രകടനം നടത്തുകയും അതുപോലെ അബദ്ധങ്ങൾ വരുത്തി വെച്ച് വിമർശനങ്ങൾ നേരിടുകയും ചെയ്‌തിരുന്ന താരത്തിന്റെ കരാർ അവസാനിച്ചതോടെയാണ് ക്ലബ് വിട്ടത്. കരാർ പുതുക്കാൻ യുണൈറ്റഡ് തയ്യാറായിരുന്നെങ്കിലും അവസരങ്ങൾ കുറയുമെന്നതിനാൽ താരം അത് നിരസിച്ചു.

മുപ്പത്തിമൂന്നാം വയസിലേക്ക് കടക്കുന്ന ഡി ഗിയയെ തേടി നിരവധി ഓഫറുകൾ വന്നിരുന്നു. എന്നാൽ താരത്തെ തേടിയെത്തിയ ഓഫറുകൾ സൗദി അറേബ്യയിൽ നിന്നും അപ്രധാന ക്ലബുകളിൽ നിന്നുമായിരുന്നു. എന്നാൽ ടോപ് ഫുട്ബോളിൽ തുടരാനുള്ള ആഗ്രഹം കാരണം അതെല്ലാം സ്‌പാനിഷ്‌ താരം നിരസിച്ചു. സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിച്ചിരിക്കെ ഇപ്പോൾ ഒരു ക്ലബിലും ചേരാതെ ഫ്രീ ഏജന്റായി തുടരുകയാണ് ലോകത്തിലെ ഏറ്റവും മികച്ച ഷോട്ട് സ്റ്റോപ്പർമാരിൽ ഒരാളായ താരം.

യൂറോപ്പിലെ മികച്ച ക്ലബുകളിൽ നിന്നും ഓഫറുകൾ ഇല്ലാത്തതിനാൽ കരിയറിലെ ഏറ്റവും നിർണായകമായ തീരുമാനം എടുക്കാൻ താരം ഒരുങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മികച്ച ക്ലബുകൾ ജനുവരിയിലും തനിക്കായി രംഗത്തു വന്നില്ലെങ്കിൽ മുപ്പത്തിരണ്ടുകാരനായ താരം ഈ സീസണിൽ ചിലപ്പോൾ ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ട്. സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ്, എഫ്എ കപ്പ്, രണ്ടു ലീഗ് കപ്പ് യൂറോപ്പ ലീഗ് എന്നിവ നേടിയ താരം രണ്ടു തവണ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയതിന് പിന്നാലെയാണ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കുന്നത്. തന്നെ ഒഴിവാക്കിയ രീതിയിൽ താരത്തിന് നിരാശയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

You Might Also Like