അവസാന പന്ത് വരെ ത്രില്ലര്‍, ഗുജറാത്ത് പോരാട്ടം പാഴായി, ഡല്‍ഹിയ്ക്ക് നാല് റണ്‍സ് ജയം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ത്രില്ലിംഗ് ജയം. അവസാന പന്ത് വരെ ആവേശകരമായ മത്സരത്തില്‍ നാല് റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഗുജറാത്തിന്റെ പ്രതിരോധം 220ല്‍ ഒതുങ്ങുകയായിരുന്നു. ഡല്‍ഹിയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് ആണ് ഗുജറാത്തിന്റെ ജയം തടഞ്ഞത്.

അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ 15 റണ്‍സാണ് ഗുജറാത്തിന് എടുക്കാനായത്. ഇതോടെയാണ് ഗുജറാത്ത് നാല് റണ്‍സിന്റെ തോല്‍വി വഴങ്ങിയത്.

കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തളരാതെ പൊരുതിയ ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ച്വറി നേടി. സായ് സുദര്‍ശന്‍ 39 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 65 റണ്‍സാണ് നേടിയത്. ഡേവിഡ് മില്ലറാകട്ടെ 23 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 55 റണ്‍സെടുത്തു. നിര്‍ണ്ണായക ഘട്ടത്തില്‍ ഇരുവരും പുറത്തായതാണ് ഗുജറാത്തിന് തിരിച്ചടിയായത്.

അവസാന ഘട്ടത്തില്‍ 11 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 21 റണ്‍സുമായി റാഷിദ് ഖാന്‍ പുറത്താകാതെ പൊരുതി നോക്കി. സായ് കിഷോര്‍ അഞ്ച് പന്തില്‍ 13ഉം വൃദ്ധിമാന്‍ സാഹ 25 പന്തില്‍ 39ഉം റണ്‍സുമെടുത്തു.

ഡല്‍ഹിയ്ക്കായി റാസിക് സലാം നാല് ഓവറില്‍ 44 റണ്‍സെടുത്ത് മൂന്ന് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ആന്റിച്ച് നോര്‍ജെ, മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ റിഷഭ് പന്തും അക്‌സര്‍ പട്ടേലും ആഞ്ഞടിച്ചപ്പോഴാണ് ഡല്‍ഹി മികച്ച സ്‌കോറിലേക്ക് കുതിച്ചത്.

ഡല്‍ഹിയ്ക്കായി പന്ത് 43 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 88 റണ്‍സടിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ പന്ത് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. പന്തിനെ കൂടാതെ അക്‌സര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 43 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 66 റണ്‍സാണ് നേടിയത്.

ഇരുവരും മൂന്നാം വിക്കറ്റില്‍ 68 പന്തില്‍ 113 റണ്‍സാണ് ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. അവാസാന മൂന്ന് ഓവറില്‍ ട്രിബ്‌സ്റ്റണ്‍ സ്റ്റബ്്‌സും പന്തും ചേര്‍ന്ന് 18 പന്തില്‍ അഭേദ്യമായി 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്റ്റബ്‌സ് ഏഴ് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്തു. അവസാന ഓവറില്‍ മൊഹിത് ശര്‍മ്മയ്‌ക്കെതിരെ 31 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. മൂവരേയും കൂടാതെ പൃഥ്വി ഷാ 11 റണ്‍സും ജാക്ക് ഫ്രാസെര്‍ 23ഉം ഷായ് ഹോപ്പ് അഞ്ച് റണ്‍സും എടുത്ത് പുറത്തായി.

ഗുജറാത്തിനായി മലയാളി താരം സന്ദീപ് വാര്യര്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചു. മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് സന്ദീപ് വാര്യര്‍ സ്വന്തമാക്കിയത്. നൂര്‍ അഹമ്മദ് ഒരു വിക്കറ്റെടുത്തു. മൊഹിത് ശര്‍മ്മ നാല് ഓവറില്‍ 73 റണ്‍സ് വഴങ്ങി ഐപിഎല്ലില്‍ ഏറ്റവും റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരില്‍ ഒരാളായി മാറി.

 

You Might Also Like