കേപ്ടൗണിലെ പറവ, ടി20യില്‍ ഫീല്‍ഡിംഗ് മികവുകൊണ്ട് മാന്‍ ഓഫ് ദ മാച്ച് ആയ ആദ്യ താരം

ധനേഷ് ദാമോധരന്‍

അവസാന ഓവര്‍ വരെ ആവേശം മുറ്റി നിന്ന ആ T20 മത്സരത്തില്‍ ഏതു ടീമും ജയിക്കാമെന്ന അവസ്ഥയില്‍ പാകിസ്ഥാന്റെ ഷോയിബ് മാലിക് അടിച്ച പന്തിനോട് ബൗണ്ടറിയില്‍ കാവല്‍ നിന്ന 29കാരന്‍ വളരെ വേഗത്തില്‍ പ്രതികരിച്ചതോടെ പാകിസ്ഥാന്റെ പ്രതീക്ഷ അസ്തമിച്ചു .മത്സരത്തില്‍ നേരത്തെ 2 പേരെ തകര്‍പ്പന്‍ റണ്ണൗട്ടിലൂടെ പുറത്താക്കിയ അദ്ദേഹത്തിന്റെ നാലാമത്തെ ക്യാച്ച് കുടി ആയിരുന്നു അത് .ഒരു മാച്ചില്‍ ഫീല്‍ഡറെന്ന നിലയില്‍ 6 പുറത്താക്കലുകള്‍ .

ലോക ക്രിക്കറ്റില്‍ 1992 ല്‍ തിരിച്ചു വരവ് നടത്തിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ്ങിലുണ്ടാക്കിയ തരംഗം അത്ഭുതകരമായിരുന്നു .ലോക ക്രിക്കറ്റിന് അത്തരമൊരു കാഴ്ച പുതിയ അനുഭവമായിരുന്നു .ജോണ്ടി റോഡ്‌സ് ,ഗിബ്‌സ് എബിഡി എന്നിവര്‍ മൈതാനങ്ങളില്‍ കാണിച്ച ദൃശ്യവിസ്മയങ്ങള്‍ മറ്റുള്ള ടീമുകള്‍ക്കും പ്രചോദനമായി .ആ തലമുറയുടെ സൗന്ദര്യം അതു പോലെ നിലനിര്‍ത്തുന്ന ഒരു ചെറുപ്പക്കാരന്റെ ഒരു ബ്രില്യന്‍സാണ് കേപ് ടൗണിലെ ന്യൂ ലാന്റ്‌സ് സ്റ്റേഡിയത്തില്‍ 2019 ഫെബ്രു.1 ന് ക്രിക്കറ്റ് ലോകം കണ്ടത് .

ഒരു T20 മത്സരത്തില്‍ 6 പേരെ ഫീല്‍ഡിങിലൂടെ പുറത്താക്കുക എന്ന ഏതാണ്ട് അസാധ്യമായ ഒരു നേട്ടം .മാത്രമല്ല ഫീല്‍ഡിങ് മികവില്‍ മാത്രം ഒരു T20 മാച്ചില്‍ മാന്‍ ഓഫ് ദ മാച്ച് എന്ന ആദ്യ നേട്ടം .ഒരിക്കലും തകര്‍പ്പെടാത്ത ഒരപൂര്‍വ റെക്കോര്‍ഡ് .പാകിസ്ഥാന്റെ പുറത്തായ 9 ബാറ്റ്‌സ്മാന്മാരില്‍ 6 പേരും പവലിയനിലെത്തിയത് ഡേവിഡ് മില്ലര്‍ എന്ന കില്ലര്‍ മില്ലറി ന്റെ കൈകളിലൂടെയായിരുന്നു

ജയിക്കാന്‍ 193 എന്ന കൂറ്റന്‍ ലക്ഷ്യവുമായി നീങ്ങിയ പാകിസ്ഥാന് മുന്നാം പന്തില്‍ തന്നെ 4 റണ്‍സെടുത്ത ഫഖര്‍ സമാനെ നഷ്ടപ്പെട്ടുവെങ്കിലും 2 മം വിക്കറ്റില്‍ ഹുസൈന്‍ തലത്തും ബാബര്‍ അസമും ചേര്‍ന്ന് 10 ഓവറില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോ പാകിസ്ഥാന്‍ വിജയം മണത്തു .സ്‌കോര്‍ 85 / 2 ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റ് നഷ്ടമായി .പിന്നാലെ മില്ലര്‍ ആദ്യ വെടി പൊട്ടിച്ചു..ഒരു റണ്‍ നേടാന്‍ ശ്രമം നടത്തിയ ബാബറിനെ മനോഹരമായ അണ്ടര്‍ ആം പിക്ക് അപ്പ് & ത്രോ യിലൂടെ നോണ്‍ – സ്‌ട്രെക്കര്‍ എന്‍ഡിലെ കുറ്റി തെറിപ്പിച്ചു .ബാബര്‍ 38 ന് പുറത്ത് .പാക് 93/3 .

അസിഫ് അലിയെ മോറിസിന്റെ പന്തില്‍ ഒരു ഈസി ക്യാച്ചിലൂടെ പുറത്താക്കി മില്ലര്‍ മുന്നു പന്തിനു ശേഷം ഷംസിയെ ലോങ്ങ് ഓണിലേക്ക് ഉയര്‍ത്തി അടിച്ച ഇമാദ് വാസിമിനെ ബൗണ്ടറി ലൈനില്‍ വെച്ച് വളരെ മനോഹരമായി പിടിച്ച മി്ല്ലറുടെ ക്യാച്ച് കണേണ്ടതു തന്നെയായിരുന്നു .പാകിസ്ഥാന്‍ 118/5. പക്ഷെ ഉറച്ചു നിന്ന് ആക്രമിച്ച് കളിച്ച നായകന്‍ ഷോയിബ് മാലിക് പാകിസ്ഥാനെ 150 കടത്തി .

പക്ഷെ 17 ആം ഓവറില്‍ മില്ലര്‍ വീണ്ടും പാകിസ്ഥാനെ ചതിച്ചു .ഫുല്‍ക്കവോയുടെ പന്തില്‍ പാക് ബാറ്റ്‌സ്മാന്‍മാര്‍ റണ്ണിനോടിയപ്പോള്‍ പന്ത് ഫീല്‍ഡ് ചെയ്ത് ഹെന്‍ഡ്രിക്കസ് എറിഞ്ഞ ത്രോ പാളിപ്പോയി . ഓവര്‍ ത്രോ ആയ പന്ത് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്ത
മില്ലര്‍ രണ്ടാം റണ്ണിനോടിയ റിസ് വാന്റെ കുറ്റി തകര്‍ത്തു .17 ഓവറില്‍ പാകിസ്ഥാന്‍ 152/7 .മാലിക് ഉള്ളിടത്തോളം പാകിസ്ഥാന് പ്രതീക്ഷ നഷ്ടപ്പെട്ടില്ലായിരുന്നു .18 ആം ഓവറില്‍ മോറിസിന്റെ പന്തില്‍ 11 റണ്‍സെടുത്ത ഹസ്സന്‍ അലിയെ മനോഹരമായി പിടിച്ച മില്ലര്‍ അവസാന ഓവറില്‍ മോറിസിന്റെ പന്തിന്റെ തന്നെ 31 പന്തില്‍ 49 റണ്ണടിച്ച മാലികിനെ പുറത്താക്കിയപ്പോള്‍ ജയം പിന്നെയും 14 റണ്‍ അകലെയായിരുന്നു .ഒടുവില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സ് 186/9 ല്‍ അവസാനിച്ചതോടെ സൗത്ത് ആഫ്രിക്ക ആവേശകരമായ ആ മത്സരം 6 റണ്‍സിന് ജയിച്ച് പരമ്പരയില്‍ 1-0 ന് മുന്നിലെത്തി .

ടോസ് നേടിയ മാലിക് ആദ്യം ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു .45 പന്തില്‍ 78 റണ്‍സടിച്ച നായകന്‍ ഡു പ്‌ളസിയും 41 പന്തില്‍ 74 റണ്‍ നേടിയ റീസ ഹെന്‍ഡ്രിക്കസും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 131 റണ്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ 16 ആം ഓവറില്‍ സൗത്ത് ആഫ്രിക്ക 157 /1 എന്ന ശക്തമായ നിലയിലായിരുന്നു .കുറഞ്ഞത് 220 റണ്‍സെങ്കിലു വരുമെന്ന് തോന്നിച്ച സമയം .എന്നാല്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതോടെ സൗത്ത് അഫ്രിക്ക 192/6 ലൊതുങ്ങി .

ബാറ്റിങ്ങില്‍ 12 പന്തില്‍ 10 റണ്‍ മാത്രം നേടിയ മില്ലര്‍ ഫീല്‍ഡില്‍ പറന്നു നടക്കുകയായിരുന്നു .ജോണ്ടി റോഡ് സിനു ശേഷം ഏതെങ്കിലും ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഫീല്‍ഡിങ് മികവ് കൊണ്ടു മാത്രം കളിയിലെ കേമന്‍ ആയ ആദ്യ ദക്ഷിണാഫ്രിക്കക്കാരനായി മില്ലര്‍ .മാത്രമല്ല T20 ക്രിക്കറ്റില്‍ ഈയൊരു നേട്ടം കൈവരിച്ച ഒരേ ഒരാള്‍ .

വെടിക്കെട്ട് ബാറ്റിങ് മികവിന് പുറമെ ഫീല്‍ഡിങിലെ മികവ് ഒരിക്കല്‍ കൂടി കാണിച്ച് ഫീല്‍ഡിങ്ങില്‍ 6 പേരെ പുറത്താക്കി ഡേവിഡ് മില്ലര്‍ നടത്തിയ പ്രകടനം ആധുനിക ക്രിക്കറ്റില്‍ ഫീല്‍ഡിങ്ങിലെ പ്രാധാന്യം ലോക ക്രിക്കറ്റിനെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച മുഹൂര്‍ത്തമായിരുന്നു കേപ് ടൗണില്‍ കണ്ടത്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like